മോദിയും അമിത് ഷായും സഭയിലെത്തി:പാർലമെന്റിൽ വന്ദേമാതരം പൂർണമായി ആലപിച്ചു; മൺസൂൺ സമ്മേളനത്തിന് സമാപനം


ന്യൂഡൽഹി: ബഹളങ്ങൾക്കും വാദപ്രതിവാദങ്ങൾക്കുമൊടുവിൽ പാർലമെന്റിന്റെ മൺസൂൺ സമ്മേളനം അവസാനിച്ചു. സമാപന ദിവസമായ ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും ലോക്സഭയിൽ ഹാജരായി. ദേശീയ ഗാനമായ വന്ദേമാതരം പൂർണമായി ആലപിച്ചുകൊണ്ടാണ് സഭാനടപടികൾ അവസാനിപ്പിച്ചത്.

സഭയിൽ പ്രതിപക്ഷത്തിന്റെ ചോദ്യങ്ങൾക്ക് മറുപടി നൽകാൻ ആഭ്യന്തരമന്ത്രി എത്തണമെന്ന് മുൻദിവസങ്ങളിൽ ആവശ്യമുയർന്നിരുന്നെങ്കിലും സമ്മേളനത്തിന്റെ അവസാന ദിനത്തിലാണ് അമിത് ഷാ സഭയിലെത്തിയത്. സഭാ നടപടികൾക്ക് ശേഷം സ്പീക്കർ സംഘടിപ്പിച്ച പരമ്പരാഗത ചായസൽക്കാരം പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ബഹിഷ്കരിച്ചു. കേന്ദ്രമന്ത്രി കിരൺ റിജിജു നേരിട്ടെത്തി ക്ഷണിച്ചുവെങ്കിലും ചടങ്ങിൽ പങ്കെടുക്കില്ലെന്ന് രാഹുൽ ഗാന്ധി വ്യക്തമാക്കുകയായിരുന്നു.
അതേസമയം, രാജ്യസഭയിൽ അവസാന ദിവസവും ശക്തമായ പ്രതിപക്ഷ ബഹളം തുടർന്നു. ഭരണപക്ഷത്തിന്റെ നിലപാടുകളിൽ അപമാനിതരാകുന്നുവെന്ന് ആരോപിച്ച പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കി. ലോക്സഭയിൽ സന്നിഹിതനായ ആഭ്യന്തരമന്ത്രി അമിത് ഷാ രാജ്യസഭയിലേക്ക് എത്താതിരുന്നതും പ്രതിപക്ഷത്തെ ചൊടിപ്പിച്ചു.









