കാനഡയിലെ ഹിന്ദു സംഗമത്തിൽ ‘വസുധൈവ കുടുംബകം’ ആശയം ഉയർത്തിപ്പിടിച്ച് മോഹൻ ഭാഗവത്


കാനഡയിലെ ഹിന്ദു സംഗമത്തിൽ ‘വസുധൈവ കുടുംബകം’ ആശയം ഉയർത്തിപ്പിടിച്ച് മോഹൻ ഭാഗവത്

ആർഎസ്എസ് സർസംഘചാലക് ഡോ. മോഹൻ ഭാഗവത് കാനഡയിലെ ഗ്രേറ്റർ ടൊറന്റോ മേഖലയിൽ നടന്ന വൻ ഹിന്ദു പ്രവാസി സംഗമത്തെ അഭിസംബോധന ചെയ്തു. കാനഡയിലെ അദ്ദേഹത്തിന്റെ ആദ്യ സന്ദർശനത്തിന്റെ ഭാഗമായാണ് വോൺ നഗരത്തിൽ ‘ഹിന്ദു വിശ്വ ബന്ധു – Embrace the World in Friendship’ എന്ന പേരിൽ പരിപാടി സംഘടിപ്പിച്ചത്.
കാനഡയിലെ എട്ട് പ്രവിശ്യകളിൽ നിന്നായി 2,500ലധികം പേർ സംഗമത്തിൽ പങ്കെടുത്തു. 175ലധികം സാമൂഹിക സംഘടനകളുടെ പിന്തുണയോടെ Canadian Hindus for Outreach, Relations and Dialogue (CHORD) ആണ് പരിപാടി സംഘടിപ്പിച്ചത്.
ലോകം ഒരു കുടുംബമാണെന്ന ‘വസുധൈവ കുടുംബകം’ എന്ന ആശയം ഉയർത്തിപ്പിടിച്ച മോഹൻ ഭാഗവത്, ഭാഷ, പാരമ്പര്യം, ആരാധനാരീതികൾ എന്നിവയിലെ വൈവിധ്യത്തെ പരസ്പര ബഹുമാനത്തോടെ കാണണമെന്നും അത് ഐക്യത്തിന്റെ ശക്തിയാണെന്നും പറഞ്ഞു.
മുൻ കനേഡിയൻ പ്രതിരോധ മന്ത്രിയും ആൽബർട്ട മുൻ പ്രീമിയറുമായ ജേസൺ കെന്നി മുഖ്യാതിഥിയായി പങ്കെടുത്തു. വാൻകൂവറിലെ ഖൽസ ദിവാൻ സൊസൈറ്റിയുടെ കശ്മീർ സിങ് ധാലിവാൾ വിശിഷ്ടാതിഥിയായിരുന്നു.
ആർഎസ്എസിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി അമേരിക്ക, കാനഡ, ബ്രിട്ടൻ എന്നീ രാജ്യങ്ങൾ ഉൾപ്പെടുത്തി മോഹൻ ഭാഗവത് നടത്തുന്ന മൂന്ന് രാജ്യ സന്ദർശനത്തിന്റെ ഭാഗമായാണ് കാനഡ സന്ദർശനം.









