ഏഷ്യയിലെ ഏറ്റവും വലിയ സംസ്ഥാന സ്കൂൾ കലാ- കായിക-ശാസ്ത്ര മാമാങ്കങ്ങൾക്ക് 16 വർഷമായി ഒരു കോടിയിലധികം വരുന്ന കലാ
മത്സരാർത്ഥികൾക്കും
അനുബന്ധ പ്രവർത്തർക്കും പരാതിയില്ലാത്ത വിധം രുചികരമായ ഭക്ഷണം വിളമ്പി പ്രശസ്തിയാർജ്ജിച്ച പഴയിടം മോഹനൻ നമ്പൂതിരിയുടെ വേദനാജനകമായ “വിടവാങ്ങൽ” കലാ കേരളത്തിനേറ്റ കനത്ത പ്രഹരമാണെന്ന് പ്രശസ്ത ചിത്രകാരനും ശില്പിയും സാംസ്കാരിക പ്രവർത്തകനുമായ ആർട്ടിസ്റ്റ് ശശികല അഭിപ്രായപ്പെട്ടു.
ജനവരി 7 നു കോഴിക്കോട് അവസാനിച്ച 61-മത് സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ തിരശ്ശീല താഴ്ന്നതോടു കൂടി പുതിയൊരു വിവാദത്തിന് തിരശ്ശീല ഉയർന്നിരിക്കുന്നത് വേദനാജനകമാണ്.
അദ്ദേഹത്തിന്റെ മനസ്സിൽ തട്ടിയ വിഷയങ്ങളും തുടർന്നുള്ള പിൻവാങ്ങലും കൊണ്ട് കലാ കേരളത്തിനു കനത്ത നഷ്ടമാണുണ്ടാവുക എന്ന് വേണം കരുതാൻ.
2009, 2010, 2014, 2015, 2016, 2019 തുടങ്ങി നിരവധി സംസ്ഥാന കലോത്സവങ്ങൾക്കും സംസ്ഥാന കായികമേളകൾക്കും സംസ്ഥാന ശാസ്ത്രമേളകൾക്കും എന്റെ ലോഗോ തിരഞ്ഞെടുക്കപ്പെടുകവഴി ആറുവർഷ ത്തോളം നിരവധി അവസരങ്ങളിൽ അദ്ദേഹവുമായി ഇടപെടാൻ എനിക്ക് അവസരമുണ്ടായപ്പോഴൊക്കെ ഭക്ഷണ മഹിമയെ കുറിച്ചും,
ഇതിന്റെ പിന്നിലെ ത്യാഗത്തിന്റെ കഥകളെക്കുറിച്ചും കലവറയിലിരുന്നു കൊണ്ട് വാചാലമായി സംസാരിക്കുമ്പോൾ പക്വതയോടെ ഉത്തരം നൽകാറുണ്ടായിരുന്നു
രുചികരമായ ഭക്ഷണങ്ങൾ ഊട്ടി വിജയത്തിന്റെ വെന്നിക്കൊടി പാറിച്ചു ചരിത്രത്തിന്റെ ഭാഗമായി മാറാൻ കഴിഞ്ഞ ഇദ്ദേഹത്തിന് കേരളീയ സമൂഹം പട്ടും വളയും ഒപ്പം “പദ്മശ്രീ” ബഹുമതിയും നൽകേണ്ടതിനു പകരം
ചില അനാവശ്യ പുഴുകുത്തുകൾ കടന്നു കൂടി രംഗം വഷളാക്കിയിരിക്കുന്നു.
കാരണം ജാതിയോ, മതമോ, രാഷ്ട്രീയമോ ഏതുമാകട്ടെ. “കണ്ണ് പോയാലെ കണ്ണിന്റെ വിലയറിയൂ ” എന്നുപറഞ്ഞതു പോലെ കലക്ക് വേണ്ടി ഒരു നിമിഷം മൗനം വെടിഞ്ഞു ഈ അന്ന-ദാതാവിന്റെ തിരിച്ചുവരവിനായി നമുക്കെല്ലാവർക്കും കൈകോർക്കാം..
അതിലൊരു ദുരഭിമാനത്തിന്റെ പ്രശ്നമില്ല എന്നും ആർട്ടിസ്റ്റ് ശശികല പറഞ്ഞു.