തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷം നേരത്തെ എത്തി. ഇതുസംബന്ധിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ് സ്ഥിരീകരണം നടത്തി. സാധാരണയിലും എട്ട് ദിവസം മുമ്പേ ആണ് കാലവർഷം എത്തിയത്. 2009 മെയ് 23നു ശേഷം ഏറ്റവും നേരത്തെ എത്തിയ കാലവർഷമാണ് ഇത്തവണത്തേത്. കേന്ദ്ര കാലാവസ്ഥ വകുപ്പ് കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യപിച്ചിരിക്കുകയാണ്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിതീവ്രമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 204.4 എംഎം യിൽ കൂടുതൽ മഴ ലഭിക്കുമെന്നാണ് അതിതീവ്രമായ മഴ എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം കോഴിക്കോട്, വയനാട് എന്നീ ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യപിച്ചിരിക്കുകയാണ്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 എംഎം മുതൽ 204.4 എംഎം വരെ മഴ ലഭിക്കുന്നതാണ് അതിശക്തമായ മഴ. മലപ്പുറത്ത് കനത്ത മഴക്കിടെ കാർ തോട്ടിലേക്ക് മറിഞ്ഞ് യാത്രക്കാർക്ക് പരുക്കേറ്റു. കോഴിക്കോട് നിർമ്മാണത്തിലിരുന്ന കിണർ ഇടിഞ്ഞുവീണ് ഒരാൾ മരിച്ചു. കരിയാട് സ്വദേശി രതീഷാണ് മരിച്ചത്. കിണറിൽ കുടുങ്ങിയ മറ്റൊരാളെ രക്ഷിച്ചു.മലപ്പുറം വാക്കല്ലൂരിലാണ് കാർ തോട്ടിലേക്ക് മറിഞ്ഞ്
ഒരു കുട്ടിയടക്കം നാല് പേർക്കാണ് പരിക്കേറ്റു.കോട്ടയം പാലാ സെന്റ് തോമസ് കോളേജിൽ മൊബൈൽ ടവർ കനത്ത കാറ്റിലും മഴയിലും തകർന്നുവീണു. ്. കോഴിക്കോട് കോട്ട മൂഴി പാലത്തിലേക്കുള്ള അപ്രോച്ച് റോഡിന്റെ പാർശ്വ ഭിത്തി മഴയെ തുടർന്ന് ഇടിഞ്ഞു. കൊല്ലം പുനലൂരിൽ കാറ്റിലും മഴയിലും കൃഷി നാശമുണ്ടായി. കൊല്ലത്ത് നഗര പ്രദേശങ്ങളിലും കിഴക്കൻ മലയോര മേഖലയിലും ഇടവിട്ട് ശക്തമായ മഴ തുടരുന്നുണ്ട്. രാത്രിയുണ്ടായ മഴയിലും കാറ്റിലും പുനലൂർ ഐക്കരക്കോണത്ത് വീടിന് മുകളിലേക്ക് മരം വീണു. ഐക്കരക്കോണം സ്വദേശി വിശ്വംഭരന്റെ വീടാണ് തകർന്നത്. മേൽക്കൂരയും വീട്ടിലെ ഉപകരണങ്ങളും നശിച്ചു. വീട്ടിൽ ആളുകൾ ഉണ്ടായിരുന്നെങ്കിലും ആർക്കും പരിക്കില്ല. കൊല്ലത്ത് തന്നെ അഞ്ചൽ ഇടമുളയ്ക്കലിൽ വീടിന്റെ മതിൽ ഇടിഞ്ഞു വീണു. പലയിടങ്ങളിലും മരത്തിന്റെ ചില്ലകൾ ഒടിഞ്ഞു വീണ് വൈദ്യുതിബന്ധം തകരാറിലായി. കോട്ടയത്ത് തലനാട് വെള്ളാനി സർക്കാർ എൽപി സ്‌കൂളിന്റെ മേൽക്കൂര തകർന്നു. കെട്ടിടത്തിൽ ഉണ്ടായിരുന്ന പഠനോപകരണങ്ങൾ അടക്കമുള്ളവ നശിച്ചു. ഈരാറ്റുപേട്ടയിൽ മരം വീണു വീണ് ഒരു വീട് തകർന്നു. കടുവാമൂഴി അമ്പഴത്തിനാൽ ഷിഹാബിന്റെ വീടിന് മുകളിലേക്ക് ആണ് മരങ്ങൾ വീണത്. വൈക്കം സൗത്ത് പറവൂരിലും വ്യാപകമായി മരങ്ങൾ ഒടിഞ്ഞു വീണ്. നിരവധി വൈദ്യുതി പോസ്റ്റുകളും ഇടിഞ്ഞു വീണു.തിരുവനന്തപുരം നെടുമങ്ങാട് വേങ്കവിള വേട്ടമ്പള്ളിയിൽ മരം വീണ് വീട് ഭാഗീകമായി തകർന്നു. വേട്ടമ്പള്ളി സ്വദേശി മീനാക്ഷിയുടെ വീടിന്റെ ഒരു ഭാഗമാണ് മരം വീണ് തകർന്നത്.
പോസ്റ്റിൽ സ്‌കൂട്ടർ ഇടിച്ച്
ഉസ്താദിന് ദാരുണാന്ത്യം
കൊച്ചി: നഗരത്തിൽ രാത്രി പെയ്ത മഴയിൽ റോഡിലേക്ക് ഒടിഞ്ഞുവീണ ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് സ്‌കൂട്ടർ യാത്രികനായ മധ്യവയസ്‌കന് ദാരുണാന്ത്യം. അരൂർ കുമ്പളം പള്ളിയിലെ ഉസ്താദ് ആയ അരൂർ പടിഞ്ഞാറേ നാവുംകേരിൽ അബ്ദുൾ ഗഫൂർ (54) ആണ് മരിച്ചത്. ഈ വഴിയിൽ കൂടി വന്ന ക്ഷേത്ര പൂജാരിയായ സുരേഷും അപകടത്തിൽപ്പെട്ടു. അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പോസ്റ്റ് ഒടിഞ്ഞ് റോഡിലേക്ക് വീണു കിടക്കുന്നത് കണ്ടിട്ടും നീക്കം ചെയ്യാതിരുന്ന പൊലീസിന്റെ അനാസ്ഥയാണ് അപകടത്തിന് കാരണമായതെന്ന് നാട്ടുകാർ ആരോപിക്കുന്നു.
വെളുപ്പിന് മൂന്നു മണിയോടെയാണ് കുമ്പളം സെന്റ് മേരീസ് സ്‌കൂളിനു സമീപം ഇലക്ട്രിക് പോസ്റ്റ് റോഡിലേക്ക് മറിഞ്ഞു വീണത്. നാലരയോടെ ഇരുചക്ര വാഹനത്തിൽ ഈ വഴി വന്ന അബ്ദുൾ ഗഫൂർ പോസ്റ്റിൽ ഇടിച്ച് തെറിച്ചു വീഴുകയായിരുന്നു. സമീപവാസികളിലൊരാൾ വിവരം പൊലീസിൽ അറിയിക്കുകയും പൊലീസെത്തി അബ്ദുൾ ഗഫൂറിനെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. എന്നാൽ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.പൊലീസിന്റെ ഭാഗത്ത് അനാസ്ഥ ഉണ്ടായതായി നാട്ടുകാർ ആരോപിക്കുന്നു. വെളുപ്പിനെ പോസ്റ്റ് മറിഞ്ഞു വീണതിനു ശേഷം 2 പൊലീസ് വാഹനങ്ങൾ ഇവിടെ എത്തിയിരുന്നു. എന്നാൽ കെഎസ്ഇബിയെ അറിയിക്കാനോ പോസ്റ്റ് നീക്കം ചെയ്യാനോ നടപടി ഉണ്ടായില്ല എന്നാണ് ആരോപണം.
കെഎസ്ഇബിക്ക്
26.89 കോടിയുടെ നഷ്ടം
തിരുവനന്തപുരം: സംസ്ഥാനത്തുണ്ടായ ശക്തമായ കാറ്റിലും മഴയിലും കെഎസ്ഇബിയുടെ വൈദ്യുതി വിതരണ സംവിധാനത്തിന് കനത്ത നാശനഷ്ടങ്ങൾ ഉണ്ടായി. നിലവിലെ കണക്കുകൾ പ്രകാരം 257 ഹൈടെൻഷൻ പോസ്റ്റുകളും 2,505 ലോ ടെൻഷൻ പോസ്റ്റുകളും തകർന്നു. ലഭ്യമായ കണക്കുകൾ പ്രകാരം വിതരണമേഖലയിൽ ഏകദേശം 26 കോടി 89 ലക്ഷം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. 7,12,679 ഉപഭോക്താക്കൾക്ക് വൈദ്യുതി തകരാർ സംഭവിച്ചു. ഇതിൽ 5,39,976 ഉപഭോക്താക്കൾക്ക് ഇതിനോടകം വൈദ്യുതി ബന്ധം പുനസ്ഥാപിച്ച് നൽകി. ബാക്കിയുള്ള വൈദ്യുതി തകരാറുകൾ പരിഹരിക്കാനുള്ള ഊർജ്ജിത ശ്രമം സംസ്ഥാന വ്യാപകമായി നടക്കുന്നുണ്ടെന്നും ഉപഭോക്താക്കൾ സഹകരിക്കണമെന്നും കെഎസ്ഇബി അറിയിച്ചു.









