കാലവർഷക്കെടുതി: മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് 8 ലക്ഷം ധനസഹായം; വീടുകളിൽ വെള്ളം കയറിയവർക്ക് 10,000 രൂപ നൽകുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ കനത്ത മഴയിലും പ്രകൃതിക്ഷോഭത്തിലും ജീവൻ പൊലിഞ്ഞവരുടെ കുടുംബങ്ങൾക്ക് 8 ലക്ഷം രൂപ വീതം സാമ്പത്തിക സഹായം നൽകുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ അറിയിച്ചു. അതോടൊപ്പം, വീടുകളിൽ വെള്ളം കയറി ദുരിതത്തിലായ കുടുംബങ്ങൾക്ക് 10,000 രൂപ വീതവും, മരണപ്പെട്ടവരുടെ സംസ്കാരച്ചടങ്ങുകൾ നടത്താനായി 10,000 രൂപയും അനുവദിക്കും. തൃശൂർ ജില്ലയിൽ 2024-ൽ ഉണ്ടായ കാലവർഷക്കെടുതിയിൽ ഇനി വിതരണം ചെയ്യാനുണ്ടായിരുന്ന കുടിശ്ശിക ധനസഹായ തുകയും അനുവദിച്ചതായി മന്ത്രിസഭാ യോഗത്തിനുശേഷം മാധ്യമങ്ങളോട് സംസാരിക്കവെ അദ്ദേഹം വ്യക്തമാക്കി.

നിലവിലെ വിവരമനുസരിച്ച് സംസ്ഥാനത്ത് പ്രകൃതിദുരന്തങ്ങളിൽ 26 പേർ മരണപ്പെടുകയും 11 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. 4 പേരെ ഇനിയും കണ്ടെത്താനുണ്ട്. ദുരിതബാധിതർക്കായി സംസ്ഥാനത്തൊട്ടാകെ 462 ദുരിതാശ്വാസ ക്യാമ്പുകൾ സജ്ജമാക്കിയിട്ടുണ്ട്. എട്ടാം തീയതി വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരാൻ സാധ്യതയുണ്ടെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി.

കാലാവസ്ഥാ പ്രവചനരംഗത്ത് രാജ്യത്തിന് തന്നെ മാതൃകയാകുന്ന അത്യാധുനിക സംവിധാനങ്ങൾ സംസ്ഥാനത്ത് നടപ്പിലാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതിന്റെ ഭാഗമായി കൃത്യമായ പ്രളയ സാധ്യത അറിയുന്നതിനായി ഫ്ലഡ് മാപ്പിംഗ് നടത്തും. ഡാമുകളിലും നദികളിലും അടിഞ്ഞുകൂടിയ മണ്ണും മണലും മാലിന്യങ്ങളും നീക്കം ചെയ്യുന്നതിനായി ബന്ധപ്പെട്ട വകുപ്പുകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

ഡാം മാനേജ്‌മെൻ്റിനായി  എഐ (കൃത്രിമബുദ്ധി) അധിഷ്ഠിത സാങ്കേതികവിദ്യ നടപ്പിലാക്കുന്നതിനൊപ്പം, ദുരന്തനിവാരണ മേഖലയിൽ വിദഗ്ധരായ വലിയൊരു സംഘത്തെയും ചുമതലപ്പെടുത്തും. നദീതീരങ്ങളിലെ കൈയേറ്റങ്ങൾ കണ്ടെത്താനായി ലാൻഡ് ഓഡിറ്റിംഗ് നടത്താനും തീരുമാനമായിട്ടുണ്ട്. അതേസമയം, പ്രിയദർശിനി വിഷയത്തിൽ പ്രതികരിച്ച മുഖ്യമന്ത്രി, പരാമർശത്തിൽ തെറ്റ് പറ്റി എന്ന് മന്ത്രി തന്നെ സമ്മതിച്ച സാഹചര്യത്തിൽ ഇനി കൂടുതൽ വിവാദങ്ങളിലേക്ക് കടക്കുന്നില്ലെന്നും കൂട്ടിച്ചേർത്തു.

Top News from last week.

Latest News

More from this section