മാസപ്പടി കേസ്: വീണയ്ക്കും പിണറായിക്കും വിനയായി കർത്തയുടെ വെളിപ്പെടുത്തൽ; കരാർ നൽകിയത് പിണറായിയുമായുള്ള അടുപ്പം മൂലം

കൊച്ചി: വിവാദമായ സാമ്പത്തിക തട്ടിപ്പ് കേസിൽ മുഖ്യമന്ത്രി പിണറായി വിജയനും മകൾ വീണയ്ക്കുമെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് (ഇഡി) ശശിധരൻ കർത്ത നൽകിയ നിർണായക വെളിപ്പെടുത്തൽ പുറത്തുവന്നു. പിണറായി വിജയനുമായുള്ള അടുത്ത ബന്ധം ഒന്നുകൊണ്ടുമാത്രമാണ് കമ്പനിക്ക് കരാർ നൽകിയതെന്നും, വീണ സിഎംആർഎല്ലിനായി യാതൊരുവിധ സേവനങ്ങളും ലഭ്യമാക്കിയിട്ടില്ലെന്നുമാണ് കർത്ത വ്യക്തമാക്കിയത്. 2024 ഏപ്രിലിൽ സ്വന്തം വസതിയിൽ വെച്ചു നടന്ന ചോദ്യം ചെയ്യലിലാണ് അദ്ദേഹം ഇഡിക്ക് മുന്നിൽ ഈ മൊഴി നൽകിയത്.

​കേസുമായി ബന്ധപ്പെട്ട് സ്വത്തുക്കൾ മരവിപ്പിച്ചത് ഉൾപ്പെടെയുള്ള നടപടികൾ ചൂണ്ടിക്കാട്ടി ഇഡി അഡ്ജുഡിക്കേറ്റിംഗ് അതോറിറ്റിക്ക് സമർപ്പിച്ച റിപ്പോർട്ടിലാണ് ഈ വിവരങ്ങളുള്ളത്. സ്വന്തം പേരിലും കമ്പനികളുടെ പേരിലുമുള്ള നിക്ഷേപങ്ങൾ ഉൾപ്പെടെ വീണ ടി.യുടെ 16.5 ലക്ഷം രൂപയുടെ സ്വത്തുക്കളും ബാങ്ക് ലോക്കറുമാണ് അന്വേഷണസംഘം തടഞ്ഞുവെച്ചിരിക്കുന്നത്. ഇതിനുപുറമെ വീണയുടെ ഉടമസ്ഥതയിലുള്ള ലേക്കർ ഇന്ത്യ എന്ന മറ്റൊരു സ്ഥാപനത്തിന്റെ 15.5 ലക്ഷം രൂപയും ഇഡി മരവിപ്പിച്ചിട്ടുണ്ട്.

നിലവിലെ കണക്കുകൾ പ്രകാരം വീണയുടെ വ്യക്തിഗത ബാങ്ക് അക്കൗണ്ടിൽ 1.37 ലക്ഷം രൂപയും എക്‌സാലോജിക്കിന്റെ അക്കൗണ്ടിൽ 27,585 രൂപയുമാണുള്ളത്. കേസിന്റെ തുടരന്വേഷണത്തിന്റെ ഭാഗമായി ശശിധരൻ കർത്തയുടെയും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെയും 26 കോടി രൂപയുടെ ആസ്തികളും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടപടിക്രമങ്ങളിലൂടെ മരവിപ്പിച്ചിട്ടുണ്ട്.

Top News from last week.