ഡ്രൈവിങ് ടെസ്റ്റ് പരിഷ്കാരവുമായി മോട്ടോർ വാഹന വകുപ്പ്: നടപടിയെ സ്വാഗതം ചെയ്ത് ഡ്രൈവിംഗ് സ്കൂൾ ഉടമകൾ

കൊച്ചി: ഡ്രൈവിങ് ലൈസൻസ് ലഭിക്കുന്നതിലെ കാലതാമസത്തിന് പരിഹാരമായി മോട്ടോർ വാഹന വകുപ്പ് പുറത്തിറക്കിയ പുതിയ സർക്കുലറിനെ സ്വാഗതം ചെയ്ത് ഡ്രൈവിങ് സ്കൂൾ ഉടമകൾ. പ്രതിദിന ഡ്രൈവിങ് ടെസ്റ്റുകളുടെ എണ്ണം നാൽപതിൽ നിന്ന് അൻപതാക്കി ഉയർത്തുന്നതടക്കം വൻ മാറ്റങ്ങളാണ് വകുപ്പ് നിർദേശിച്ചിട്ടുള്ളത്. ഇതനുസരിച്ച് ഇനിമുതൽ ദിവസവും 28 പുതിയ അപേക്ഷകർക്കും 20 പേർക്ക് റീ-ടെസ്റ്റിനും, വിദേശത്തേക്ക് പോകാനുള്ളവർക്കായി രണ്ടുപേർക്കും അവസരം ലഭിക്കും. ലേണേഴ്സ് അപേക്ഷ ലഭിച്ച് മൂന്ന് ദിവസത്തിനകം തീയതി നൽകാനും, ആദ്യ ടെസ്റ്റിൽ പരാജയപ്പെടുന്നവർക്ക് എട്ടു ദിവസത്തിനുള്ളിൽ വീണ്ടും അവസരം നൽകാനുമാണ് തീരുമാനം. വാഹനങ്ങളുടെ ഫിറ്റ്നസ് പരിശോധനയും ഡ്രൈവിങ് ടെസ്റ്റും ഒരുമിച്ച് നടത്തരുതെന്ന മുൻ നിബന്ധനയും നീക്കിയിട്ടുണ്ട്.

ദിവസേനയുള്ള ടെസ്റ്റുകൾ 40 ആയി പരിമിതപ്പെടുത്തുകയും ക്യാമറ ഘടിപ്പിക്കൽ, വാഹനങ്ങളുടെ പഴക്കം തുടങ്ങിയ നിർദേശങ്ങൾ ഉൾപ്പെടുത്തുകയും ചെയ്ത മുൻ ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാറിന്റെ തീരുമാനത്തിൽ പ്രതിഷേധമുയരുകയും അപേക്ഷകൾ വൻതോതിൽ കെട്ടിക്കിടക്കുകയും ചെയ്തിരുന്നു. സി.ഐ.ടിയു അടക്കമുള്ള സംഘടനകളുടെ എതിർപ്പ് മറികടന്ന് നടപ്പാക്കിയ ഈ പരിഷ്കാരങ്ങൾ പൂർണമായും തിരുത്തുന്നതാണ് പുതിയ സർക്കുലർ.

Top News from last week.