Friday, October 9, 2026
Kerala

പിണറായി വിജയനും വീണയ്ക്കുമെതിരായ നീക്കങ്ങൾ രാഷ്ട്രീയപ്രേരിതം’; കെ.കെ. രാഗേഷ്

Advertisement
Advertisement

‘പിണറായി വിജയനും വീണയ്ക്കുമെതിരായ നീക്കങ്ങൾ രാഷ്ട്രീയപ്രേരിതം’; കെ.കെ. രാഗേഷ്
മുഖ്യമന്ത്രി പിണറായി വിജയനും മകൾ ടി. വീണയ്ക്കുമെതിരായ അന്വേഷണ ഏജൻസികളുടെ നീക്കങ്ങൾ രാഷ്ട്രീയപ്രേരിതവും അടിസ്ഥാനരഹിതവുമാണെന്ന് സിപിഎം നേതാവ് കെ കെ രാഗേഷ് ഫേസ്ബുക്കിലൂടെ പ്രതികരിച്ചു.  ലാവ്‌ലിൻ കേസിന്റെ കാലത്തേതിന് സമാനമായ രീതിയിൽ കേന്ദ്ര അന്വേഷണ ഏജൻസികളെയും മാധ്യമങ്ങളെയും ഉപയോഗിച്ച് പിണറായി വിജയനെ വേട്ടയാടാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
വീണയുടെ കമ്പനിയായ എക്‌സാലോജിക് സിഎംആർഎല്ലിൽ നിന്ന് സ്വീകരിച്ച പണം നൽകിയ സേവനങ്ങൾക്കുള്ള പ്രതിഫലമാണെന്നും ജിഎസ്ടി ഉൾപ്പെടെയുള്ള നികുതികൾ അടച്ച് ബാങ്ക് വഴിയാണ് ഇടപാട് നടത്തിയതെന്നും രാഗേഷ് പറഞ്ഞു.
തോട്ടപ്പള്ളിയിലെ മണൽവാരൽ സിഎംആർഎല്ലിനെ സഹായിക്കാനായിരുന്നുവെന്ന ആരോപണവും അദ്ദേഹം തള്ളി. കെഎംഎംഎല്ലിന് ലഭിക്കുന്ന ഇൽമനൈറ്റ് സ്വന്തം ആവശ്യത്തിനാണ് ഉപയോഗിക്കുന്നതെന്നും അത് സിഎംആർഎല്ലിന് വിൽക്കുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഐആർഇഎൽ ആണ് സിഎംആർഎല്ലിന് ഇൽമനൈറ്റ് നൽകുന്നതെന്നും ഇതിൽ സംസ്ഥാന സർക്കാരിന് പങ്കില്ലെന്നും രാഗേഷ് അവകാശപ്പെട്ടു.
കെഎംഎംഎൽ സിഎംആർഎല്ലിൽ നിന്ന് സിന്തറ്റിക് റൂട്ടൈൽ വാങ്ങി സാമ്പത്തിക സഹായം നൽകിയെന്ന ആരോപണവും ശരിയല്ലെന്ന് അദ്ദേഹം പറഞ്ഞു. നിയമാനുസൃത ടെൻഡർ നടപടികളിലൂടെയാണ് കെഎംഎംഎൽ സിന്തറ്റിക് റൂട്ടൈൽ വാങ്ങിയിരുന്നതെന്നും 2020 മേയ് മാസത്തിന് ശേഷം ഒരു കമ്പനിയിൽനിന്നും സിന്തറ്റിക് റൂട്ടൈൽ വാങ്ങിയിട്ടില്ലെന്നും രാഗേഷ് വ്യക്തമാക്കി.
സിഎംആർഎല്ലിന്റെ ഉപകമ്പനിയായ കെആർഇഎംഎല്ലിന് ഭൂപരിധിയിൽ ഇളവ് നൽകിയെന്ന ആരോപണവും അദ്ദേഹം നിഷേധിച്ചു. ഭൂപരിധി ഇളവ് ആവശ്യപ്പെട്ടുള്ള അപേക്ഷ പിണറായി വിജയൻ സർക്കാർ തള്ളുകയായിരുന്നുവെന്നാണ് രാഗേഷിന്റെ വിശദീകരണം.
ഇതേ വിഷയങ്ങൾ ഉന്നയിച്ച് കോൺഗ്രസ് എംഎൽഎ മാത്യു കുഴൽനാടൻ കോടതിയെ സമീപിച്ചിരുന്നുവെന്നും കേസ് ഹൈക്കോടതിയിലും പിന്നീട് സുപ്രീം കോടതിയിലും നിലനിന്നില്ലെന്നും രാഗേഷ് പറഞ്ഞു.
കേന്ദ്ര ഏജൻസികളെയും വലതുപക്ഷ മാധ്യമങ്ങളെയും ഉപയോഗിച്ച് വ്യക്തിഹത്യ നടത്തുകയാണ് ബിജെപി–കോൺഗ്രസ് നേതൃത്വങ്ങളുടെ തന്ത്രമെന്നും അദ്ദേഹം ആരോപിച്ചു. ലാവ്‌ലിൻ കേസിന്റെ കാലത്തുണ്ടായതുപോലുള്ള പ്രചാരണങ്ങൾ ആവർത്തിച്ച് പിണറായി വിജയനെയും ഇടതുപക്ഷത്തെയും തകർക്കാനാകില്ലെന്നും കെ.കെ. രാഗേഷ് ഫെയ്സ്ബുക്കിൽ  പറഞ്ഞു.

Advertisement
Advertisement
Advertisement
Advertisement
Advertisement
Advertisement