കണ്ണൂര്‍: പെന്‍ഷന്‍ ജീവനക്കാരോടും, സര്‍വീസ് ജീവനക്കാരോടും പിണറായി സര്‍ക്കാര്‍ നിഷേധാത്മക നിലപാടാണ് ഇതുവരെ സ്വീകരിച്ചതെന്ന് മുന്‍ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. പെന്‍ഷന്‍ ജീവനക്കാരുടെ ന്യായമായ ആവശ്യങ്ങള്‍ പോലും സര്‍ക്കാര്‍ നടപ്പിലാക്കുന്നില്ലെന്നും, സര്‍വീസ് ജീവനക്കാരോടും, പെന്‍ഷന്‍കാരോടും കോണ്‍ഗ്രസ് സര്‍ക്കാര്‍ മാത്രമാണ് നീതി കാണിച്ചതെന്ന് മുല്ലപ്പള്ളി അവകാശപ്പെട്ടു. കണ്ണൂര്‍ കലക്ട്രേറ്റില്‍ കേരള സര്‍വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ (കെഎസ്എസ്പിഎ) ദ്വിദിന സത്യാഗ്രഹം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ ഒമ്പത് വര്‍ഷക്കാലം ഭരിച്ച പിണറായി സര്‍ക്കാര്‍ പെന്‍ഷന്‍ ജീവനക്കാരുടെ ന്യായമായ ആവശ്യങ്ങള്‍ പോലും പരിഗണിച്ചിട്ടില്ലെന്നും പെന്‍ഷന്‍ ജീവനക്കാര്‍ക്ക് സൗജന്യ ചികിത്സാ സഹായം നടപ്പിലാക്കണമെന്നും മുല്ലപ്പള്ളി പറഞ്ഞു. പെന്‍ഷന്‍ പരിഷ്‌കരണ നടപടികള്‍ ഉടന്‍ ആരംഭിക്കുക, 2021 ന് ശേഷം റിട്ടയര്‍ ചെയ്ത ജീവനക്കാരുടെ ശമ്പള പരിഷ്‌കരണ കുടിശ്ശിക ഉടന്‍ വിതരണം ചെയ്യുക, പങ്കാളിത്ത പെന്‍ഷന്‍കാര്‍ക്ക് മിനിമം പെന്‍ഷന്‍ ഉറപ്പുവരുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സത്യഗ്രഹം.









