നാരായണ ഗുരുകുലത്തിന്റെ അധിപനും ശ്രീനാരായണഗുരുദേവന്റെ ദർശനങ്ങളുടെ പ്രധാന പ്രചാരകനുമായ മുനി നാരായണ പ്രസാദ് (86) സമാധിയായി.ശ്രീനാരായണ ഗുരുദേവന്റെ തത്ത്വചിന്തയെയും കൃതികളെയും അന്താരാഷ്ട്രതലത്തിൽ പ്രചരിപ്പിക്കുന്നതിന് നിരവധി സംഭാവനകൾ നൽകിയ പ്രമുഖസന്ന്യാസിവര്യനും നാരായണ ഗുരുകുലത്തിന്റെ അധിപനുമായ ഗുരുമുനി നാരായണ പ്രസാദ് ഇന്ന് വെളുപ്പിന് 3:55-ന് സമാധിയായി. വെഞ്ഞാറമൂട് ഗോകുലം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം.ഗുരുദേവന്റെ ദർശനങ്ങളുടെ ആധുനിക വ്യാഖ്യാതാവ് എന്ന നിലയിലും അദ്ദേഹത്തിന്റെ കൃതികളുടെ ഇംഗ്ലീഷ് വിവർത്തനത്തിലൂടെ ലോകശ്രദ്ധയാകർഷിച്ച പ്രതിഭയുമായിരുന്നു അദ്ദേഹം.നടരാജ ഗുരുവിന്റെ ശിഷ്യപരമ്പരയിലെ പ്രമുഖനായ മുനി നാരായണ പ്രസാദ്, ശ്രീനാരായണ ഗുരുവിന്റെ 100ലധികം കൃതികൾ ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്ത് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെത്തിച്ചു. ഉപനിഷത്തുകൾ, ഭഗവദ്ഗീത തുടങ്ങിയ പ്രധാന ഗ്രന്ഥങ്ങളുടെ വിവർത്തനവും വ്യാഖ്യാനവും നിർവഹിച്ച അദ്ദേഹം, ഗുരുദർശനങ്ങളെ ജീവിതാനന്ദത്തിന്റെ തത്ത്വചിന്തയാക്കി മാറ്റി ലോകത്തിന് സമർപ്പിച്ചു. കേരള സാഹിത്യ അക്കാദമിയുടെ വിവർത്തന പുരസ്കാരം ഉൾപ്പെടെ നിരവധി ബഹുമതികൾ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.









