ആരോപണങ്ങൾ വന്നാൽ വിശദീകരണം നൽകണം’; ഇഡി വിഷയത്തിൽ ടികെ ഗോവിന്ദനെ തള്ളി വി കുഞ്ഞികൃഷ്ണൻ


കണ്ണൂര്‍: പിണറായി വിജയനെതിരെ കേസെടുക്കണമെന്ന ഇഡി ശുപാർശ രാഷ്ട്രീയ പ്രേരിതമാണെന്ന ടി കെ ഗോവിന്ദന്റെ നിലപാട് തള്ളി പയ്യന്നൂർ എംഎൽഎ വി കുഞ്ഞികൃഷ്ണൻ. പിണറായിയുടെ കുടുംബത്തിനെതിരായ വിമർശനം പാർട്ടിക്കെതിരായ കടന്നാക്രമണമായി കാണുന്നത് എന്തിനാണെന്ന് കുഞ്ഞികൃഷ്ണൻ ചോദിച്ചു. ആരോപണങ്ങൾ വന്നാൽ കൃത്യമായ വിശദീകരണം നൽകാൻ നേതൃത്വം തയ്യാറാകണമെന്നും ഇവിടെ അത് ഉണ്ടായില്ലെന്നും വി കുഞ്ഞികൃഷ്ണൻ പറഞ്ഞു.എൽഡിഎഫിൽ വിഷയം ചർച്ച ചെയ്യണമായിരുന്നു. മറ്റു കക്ഷികളെ ബോധ്യപ്പെടുത്തൽ മുന്നണിക്ക് നേതൃത്വം നൽകുന്ന സിപിഎമ്മിന്റെ ചുമതലയാണ്. മുന്നണി ഒറ്റക്കെട്ട് ആകണമെങ്കിൽ മുന്നണിക്കുള്ളിൽ വിശദീകരണം നൽകണം. വിഷയം ഇതുവരെ മുന്നണിയിൽ ചർച്ച ചെയ്തിട്ടില്ല. ബോധ്യപ്പെടുത്താത്തതിനാൽ മുന്നണിയിലെ പാർട്ടികൾ സ്വതന്ത്രമായി അഭിപ്രായം പറയുന്നതിൽ തെറ്റില്ലെന്നും വി കുഞ്ഞികൃഷ്ണൻ പറഞ്ഞു. സിപിഎം തിരുത്തലിന് സന്നദ്ധമാകും എന്നത് സംശയമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. യഥാർത്ഥ തെറ്റിന് കാരണം കണ്ടെത്തിയാൽ മാത്രമേ തിരുത്താനാകു. ഇതുവരെ തിരുത്താനുള്ള ശ്രമം ഉണ്ടായിട്ടില്ലെന്നും വി കുഞ്ഞികൃഷ്ണൻ വിമര്‍ശിച്ചു









