തിരുവനന്തപുരം: സിപിഎം എന്നും വിശ്വാസികൾക്കൊപ്പമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ഇന്നലെയും ഇന്നും നാളെയും അത് അങ്ങനെയായിരിക്കും. എൻഎസ്എസ് മാത്രമല്ല വിവിധ വിഭാഗങ്ങളിൽ നിന്നും പിന്തുണ ലഭിക്കുന്നത് നയത്തിനുള്ള അംഗീകാരമെന്നും എം വി ഗോവിന്ദൻ വ്യക്തമാക്കി. ഇനി പഴയ കാലം തുറക്കേണ്ടതില്ലെന്നായിരുന്നു യുവതീപ്രവേശന കാലത്തെ നിലപാടിനോടുള്ള മറുപടി. യുഡിഎഫിനെ നയിക്കുന്നത് മുസ്‌ലിം ലീഗാണെന്നും യുഡിഎഫിലെ ഒരു കക്ഷിയെയും ഇടത് മുന്നണിക്ക് ആവശ്യമില്ലെന്നും ഗോവിന്ദൻ വ്യക്തമാക്കി. ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് എം വി ഗോവിന്ദൻ നിലപാട് വ്യക്തമാക്കിയത്.
അയ്യപ്പസംഗമം ലോകപ്രശസ്ത വിജയമെന്ന് എം വി ഗോവിന്ദൻ
ആഗോള അയ്യപ്പ സംഗമം ലോകപ്രശസ്ത വിജയമെന്ന് നേരത്തെ എം വി ഗോവിന്ദൻ പറഞ്ഞിരുന്നു. 4000ത്തിലധികം പേർ സംഗമത്തിൽ പങ്കെടുത്തെന്നും അദ്ദേഹം അവകാശപ്പെട്ടു. വേണെമെങ്കിൽ എഐ ദൃശ്യങ്ങളും ഉണ്ടാക്കിക്കൂടെ എന്നായിരുന്നു സംഗമ സദസ്സിലെ ഒഴിഞ്ഞ കസേരകളെക്കുറിച്ച് എം വി ഗോവിന്ദൻ നൽകിയ വിശദീകരണം. എല്ലാ സെഷനിലും ആൾ വേണമെന്നുണ്ടോ എന്നും ഗോവിന്ദൻ ചോദിച്ചു. സംഗമം പരാജയമെന്നത് മാധ്യമ പ്രചാരണമാണെന്നും നാണവും മാനവുമില്ലാതെ കള്ളം പ്രചരിപ്പിച്ചുവെന്നും എം വി ഗോവിന്ദൻ പ്രതികരിച്ചു.









