തിരുവനന്തപുരം: ഇലക്ട്രിക് സ്‌കൂട്ടറുകൾ ഉപയോഗിക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ്. പരമാവധി വേഗത മണിക്കൂറിൽ 25 കിലോമീറ്ററിൽ താഴെ ഉള്ളതും ബാറ്ററി പാക്ക് ഒഴികെ ഉള്ള വാഹനത്തിന്റെ ഭാരം 60 കിലോഗ്രാമിൽ കൂടാത്തതും 30 മിനുട്ട് ആവറേജ് പവർ 250 വാട്ടിൽ കുറവുള്ളതും ആയ വാഹനങ്ങൾ മാത്രമേ റജിസ്‌ട്രേഷൻ നമ്പർ ഇല്ലാതെ പൊതു സ്ഥലങ്ങളിൽ ഉപയോഗിക്കാവൂ. ഈ നിബന്ധനകൾ പാലിക്കാത്ത ഇരു ചക്ര വാഹനങ്ങൾ മോട്ടോർ വാഹനത്തിന്റെ നിർവചനത്തിൽ വരുന്നവയും റജിസ്‌ടേഷൻ നമ്പർ ആവശ്യമുള്ളവയുമാണ്. യാത്രകൾ സുരക്ഷിതമാക്കാൻ എല്ലാത്തരം ഇലക്ട്രിക് സ്‌കൂട്ടറുകളും ഹെൽമറ്റ് ധരിച്ച് മാത്രം ഉപയോഗിക്കുക.
അനലറ്റിക്കൽ തിങ്കിംഗ്, സ്‌പേഷ്യൽ ജഡ്ജ്‌മെന്റ്, വിഷ്വൽ സ്‌കാനിംഗ് എന്നിവയിലെ പോരയ്മകൾ പെട്ടെന്ന് ശരിയായ തീരുമാനങ്ങളെടുക്കാനുള്ള കഴിവില്ലായ്മ, സ്വരക്ഷയുടെ കാര്യത്തിൽ റിസ്‌ക് എടുക്കാനുള്ള മനോഭാവം, റോഡ് നിയമങ്ങളെക്കുറിച്ചുള്ള അറിവില്ലായ്മ, പരീശീലനക്കുറവ് എന്നീ കാരണങ്ങങ്ങൾ കുട്ടികളെ പെട്ടെന്ന് അപകടത്തിൽ ചാടിക്കും. പ്രായ പൂർത്തിയാവാത്ത കുട്ടികളെ നമുക്ക് ചേർത്ത് പിടിക്കാം. അവരുടെ സുരക്ഷയെ കരുതി ഇത്തരം വാഹനങ്ങൾ നൽകാതിരിക്കുന്നതാണ് നല്ലതെന്നും എംവിഡി ഓർമ്മിപ്പിച്ചു.
അന്തരീക്ഷ മലിനീകരണം കുറക്കുന്നതിന് ഇലക്ട്രിക് വാഹനങ്ങൾ പ്രോൽസാഹിപ്പിക്കുക എന്നത് കാലഘട്ടത്തിന്റെ ആവശ്യമാണ്. എന്നാൽ ഇതിന്റെ മറവിൽ രജിസ്‌ട്രേഷനും ലൈസൻസും ഒന്നും ആവശ്യമില്ല എന്ന പരസ്യം നൽകി ചില കമ്പനികൾ ഒരു നിബന്ധനകളും പാലിക്കാത്ത ഇരുചക്രവാഹനങ്ങൾ വിപണിയിലിറക്കുന്നതായും എംവിഡിയുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു.









