ആലപ്പുഴ: കേരള രാഷ്ട്രീയത്തിലെ അതുല്യനായ പോരാളി ജനമനസുകളിലെ പ്രിയ സഖാവ് വി.എസ്. അച്യുതാനന്ദന് വിട നൽകാൻ കേരളം ഒരുങ്ങുന്നു. തോരാമഴയിലും ഇടമുറിയാത്ത മുദ്രാവാക്യം വിളികളോടെയും കണ്ണീരോടെയും ആയിരങ്ങൾ തങ്ങളുടെ പ്രിയപ്പെട്ട നേതാവിന് അന്ത്യാഞ്ജലി അർപ്പിച്ചു. ആലപ്പുഴ ബീച്ച് റിക്രിയേഷൻ ഗ്രൗണ്ടിലെ പൊതുദർശനത്തിന് ശേഷം റെഡ് വളണ്ടിയർമാർ അവസാനമായി വിഎസിന് അന്ത്യാഭിവാദ്യം നൽകി. കണ്ണേ കരളേ വിഎസ്സേ , ഇല്ലാ ഇല്ല മരിക്കുന്നില്ല, ജീവിക്കുന്നു ഞങ്ങളിലൂടെ.. വിളികളാൽ മുഖരിതമായ അന്തരീക്ഷത്തിൽ പാർട്ടി പതാക പുതപ്പിച്ച വി എസിനെ വലിയ ചുടുകാട്ടിലേക്ക് എടുത്തു.
പുന്നപ്ര-വയലാർ രക്തസാക്ഷികൾ അന്ത്യവിശ്രമം കൊള്ളുന്ന വിപ്ലവമണ്ണിൽ പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെയാണ് വി.എസിന് ചിതയൊരുങ്ങുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ മറ്റ് മന്ത്രിമാരും രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖർ അടക്കം അന്ത്യാഞ്ജലി അർപ്പിക്കാൻ എത്തിച്ചേർന്നിട്ടുണ്ട്. പോലീസിന്റെ ഗാർഡ് ഓഫ് ഓണറോടെയും ഔദ്യോഗിക ബഹുമതികളോടെയുമാണ് വി.എസിന് കേരളം യാത്രാമൊഴി നൽകുന്നത്.








