‘ഈ കൈകൾ ശുദ്ധം, താനോ കുടുംബമോ ഹവാല നടത്തിയിട്ടില്ല’; ഇ.ഡി നടപടികൾക്കെതിരെ പിണറായി വിജയൻ


മകൾ ടി. വീണയ്‌ക്കെതിരെയുള്ള എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അന്വേഷണത്തിൽ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. താനോ മകളോ കുടുംബാംഗങ്ങളോ യാതൊരുവിധ ഹവാല ഇടപാടുകളും നടത്തിയിട്ടില്ലെന്നും, തന്റെ കൈകൾ തീർത്തും ശുദ്ധമാണെന്നും അദ്ദേഹം പ്രതികരിച്ചു. വീണ അന്വേഷണവുമായി പൂർണ്ണമായും സഹകരിച്ചിട്ടുണ്ടെന്നും ഇനിയും സഹകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

തന്റെ മകളായതുകൊണ്ട് മാത്രമാണ് വീണയ്ക്ക് നേരെ വിചിത്രമായ നടപടികളുണ്ടാകുന്നത്. വീണ വലിയ സ്വത്തിന്റെ ഉടമയോ ഇതിൽ പറയുന്ന തുക വലിയ കാര്യങ്ങളോ അല്ല. സാധാരണയായി വെബ്‌സൈറ്റിൽ മാത്രം വിവരങ്ങൾ പങ്കുവെക്കാറുള്ള ഇ.ഡി, ഈ കേസിൽ മാത്രമാണ് പ്രത്യേക വാർത്താക്കുറിപ്പ് ഇറക്കിയത്. അതിൽ ‘മുൻ മുഖ്യമന്ത്രി പി. വിജയൻ’ എന്ന് പരാമർശിച്ചതിന് പിന്നിലെ ഉദ്ദേശ്യം വ്യക്തമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
തനിക്കെതിരെ യാതൊരു തെളിവുമില്ലാതെ അപവാദങ്ങൾ നൽകുന്ന ചില മാധ്യമങ്ങളെയും അദ്ദേഹം വിമർശിച്ചു. വീണയുടെ ഭർത്താവ് മുഹമ്മദ് റിയാസിന്റെ അക്കൗണ്ടിലേക്ക് പണം മാറ്റിയെന്ന വാർത്തകൾ ഏത് തെളിവിന്റെ അടിസ്ഥാനത്തിലാണ് നൽകിയതെന്ന് അദ്ദേഹം ചോദിച്ചു. പിണറായി വിജയനെതിരെ ആരോപണം ഉന്നയിച്ചാൽ എന്തും ചെയ്യാമെന്ന മനോഭാവമാണ് ചിലർക്ക്. ഒരു തട്ടിപ്പിലും തങ്ങൾക്ക് പങ്കില്ലെന്ന പൂർണ്ണ ബോധ്യമുണ്ടെന്നും, ഇത്തരം കടന്നാക്രമണങ്ങളെ നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.









