വിവാഹം ഉറപ്പിച്ച ബാങ്ക് ജീവനക്കാരുടെ ദുരൂഹമരണം: കാരണം കണ്ടെത്താനാകാതെ ബന്ധുക്കളും പോലീസും; ഫോൺ പരിശോധിച്ച് അന്വേഷണം


കണ്ണൂർ: വിവാഹം ഉറപ്പിച്ചിരുന്ന രണ്ട് എസ്ബിഐ ജീവനക്കാർ മണിക്കൂറുകളുടെ വ്യത്യാസത്തിൽ ജീവനൊടുക്കിയ സംഭവത്തിൽ കാരണം വ്യക്തമാകാതെ പോലീസും ബന്ധുക്കളും. കാസർകോട് കാട്ടാമ്പള്ളി സ്വദേശിനി അനുശ്രീ (26), ഇരിട്ടി സ്വദേശി അമൽ (26) എന്നിവരാണ് മരിച്ചത്. ഡിസംബറിൽ നടക്കാനിരുന്ന വിവാഹത്തിനായി തയ്യാറെടുക്കവെയാണ് നാടിനെ ഞെട്ടിച്ച സംഭവം നടന്നത്.

ചൊവ്വാഴ്ച രാത്രി കർണാടകയിലെ ഹുൻസൂരിലുള്ള താമസസ്ഥലത്താണ് അനുശ്രീയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മരിക്കുന്നതിന് തൊട്ടുമുമ്പ് അനുശ്രീ കൊച്ചിയിലായിരുന്ന അമലിനെ വീഡിയോകോൾ ചെയ്തിരുന്നു. ഇതിന് പിന്നാലെ അസ്വസ്ഥനായ അമൽ നോർത്ത് റെയിൽവേ സ്റ്റേഷന് സമീപത്തെ ഹോട്ടലിൽ മുറിയെടുക്കുകയും ബുധനാഴ്ച ജീവനൊടുക്കുകയുമായിരുന്നു.
രണ്ടുമാസം മുൻപ് വിവാഹനിശ്ചയം കഴിഞ്ഞ ഇരുവരും തമ്മിൽ എന്തെങ്കിലും പ്രശ്നങ്ങളുള്ളതായി സുഹൃത്തുക്കൾക്കോ ബന്ധുക്കൾക്കോ അറിവില്ല. അതിനാൽ മരണത്തിന് പിന്നിലെ യഥാർത്ഥ കാരണം കണ്ടെത്താൻ അനുശ്രീയുടെ മൊബൈൽ ഫോൺ കസ്റ്റഡിയിലെടുത്ത് പരിശോധിക്കുകയാണ് കർണാടക പോലീസ്. ഡിജിറ്റൽ തെളിവുകളിലൂടെ സത്യം പുറത്തുകൊണ്ടുവരാനുള്ള ശ്രമത്തിലാണ് പോലീസ്. അമലിന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.









