ദേശീയ ചലച്ചിത്ര പുരസ്കാരം : മമ്മൂട്ടി മികച്ച നടൻ,  ഫെമിനിച്ചി ഫാത്തിമ മികച്ച മലയാള ചിത്രം 

72-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ഭ്രമയുഗത്തിലെ മികച്ച പ്രകടനത്തിലൂടെ മമ്മൂട്ടി മികച്ച നടനുള്ള പുരസ്കാരം സ്വന്തമാക്കി. മമ്മൂട്ടിയുടെ നാലാം ദേശീയ പുരസ്കാരമാണിത്.

രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ഭ്രമയുഗത്തിലെ കൊടുമൺ പോറ്റിയെയും ചാത്തനേയും വെള്ളിത്തിരയിൽ അവിസ്മരണീയമാക്കിയതിനാണ് മമ്മൂട്ടിക്ക് പുരസ്കാരം. ചിത്രത്തിലെ പ്രകടനത്തിന് നേരത്തെ മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും മമ്മൂട്ടി സ്വന്തമാക്കിയിരുന്നു.ധനുഷ് സംവിധാനം ചെയ്ത രായൻ മികച്ച തമിഴ് ചിത്രത്തിനുള്ള പുരസ്‌കാരം സ്വന്തമാക്കി. മികച്ച മലയാള ചിത്രത്തിനുള്ള പുരസ്കാരം ഫാസിൽ മുഹമ്മദ് സംവിധാനം ചെയ്ത ഫെമിനിച്ചി ഫാത്തിമ സ്വന്തമാക്കി.

ഗാനരംഗത്ത് മലയാളത്തിന് വീണ്ടും അഭിമാനം. ‘അജയന്റെ രണ്ടാം മോഷണം’ എന്ന ചിത്രത്തിലെ ‘അങ്ങ് വാന കോണിലെ’ എന്ന ഗാനം ആലപിച്ച വൈക്കം വിജയലക്ഷ്മി മികച്ച പിന്നണി ഗായികയ്ക്കുള്ള പുരസ്‌കാരം നേടി.

മികച്ച ഹിന്ദി സിനിമയ്ക്കുള്ള പുരസ്കാരം ശ്രീകാന്ത് സ്വന്തമാക്കി. കമ്മിറ്റി കുറോൾ’ ആണ് മികച്ച തെലുങ്ക് സിനിമ. യദു വംശിയാണ് ഈ ചിത്രത്തിന്റെ സംവിധായകൻ.

34 ഭാഷകളിൽ നിന്നും 400 സിനിമകളായിരുന്നു ഇത്തവണ ദേശീയ ചലച്ചിത്ര പുരസ്‌കാരത്തിനായി മത്സരിച്ചത്.

Top News from last week.