ദേശീയപാതയുടെ തകർച്ച: കൂടുതൽ കരാർ കമ്പനികൾക്കെതിരെ നടപടി ഉണ്ടായേക്കും; നടപടി നിഴലിൽ മേഘ എൻജിനിയറിങ് കമ്പനിയും

തിരുവനന്തപുരം: സംസ്ഥാനത്തെ ദേശീയപാതയുടെ നിർമ്മാണ വീഴ്ചയിൽ കൂടുതൽ കരാർ കമ്പനികൾക്കെതിരെ നടപടിക്ക് സാധ്യത. ചെങ്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചിലെ ദേശീയ പാത നിർമ്മാണക്കരാറെടുത്ത മേഘ എൻജിനിയറിങ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ കമ്പനിക്കെതിരെയും നടപടിയെടുത്തേക്കും. കേന്ദ്രം നിയോഗിച്ച മൂന്നംഗ സമിതിയുടെ വിശദമായ റിപ്പോർട്ടിന് ശേഷമായിരിക്കും നടപടി. കേരളത്തിന്റെ എല്ലാ റീച്ചുകളിലും കേന്ദ്രം നിയോഗിച്ച വിദഗ്ധ സമിതി പരിശോധന നടത്തും. സൂഷ്മ പരിശോധന നടത്തി ഒരാഴ്ചയ്ക്കകം റിപ്പോർട്ട് കൈമാറണമെന്നാണ് മൂന്നംഗ സമിതിയോട് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി ആവശ്യപ്പെട്ടിരിക്കുന്നത്.
ഭൂമി ബലപ്പെടുത്തുന്നതിൽ കമ്പനികൾ വീഴ്ച വരുത്തിയെന്നാണ് വിലയിരുത്തൽ. പുനർനിർമ്മാണത്തിന്റെ ചെലവ് കമ്പനികളിൽ നിന്നും ഈടാക്കും. നിർമ്മാണം വേഗത്തിൽ പൂർത്തിയാക്കാൻ പ്രത്യേക ക്രമീകരണം ഉണ്ടാക്കുമെന്നും കേന്ദ്രം അറിയിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിട്ട ഇലക്ടറൽ ബോണ്ട് വിവരങ്ങളിൽ കേന്ദ്രത്തിന് പണം നൽകിയതിൽ രണ്ടാം സ്ഥാനത്തുള്ള സ്ഥാപനമായിരുന്നു മേഘ എഞ്ചിനീയറിങ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ്. 966 കോടി രൂപയുടെ ഇലക്ട്രൽ ബോണ്ടുകളായിരുന്നു ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനി വാങ്ങിയത്.
തെലങ്കാനയിലെ ഗോദാവരി നദിയിലെ കാലേശ്വരം ലിഫ്റ്റ് ഇറിഗേഷൻ പദ്ധതി, റോഡ്-കെട്ടിട നിർമ്മാണം അടക്കമുള്ള പദ്ധതികളുടെ ഭാഗമായിട്ടുള്ള കമ്പനി കൂടിയാണ് മേഘ എഞ്ചിനീയറിങ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ്. കാലേശ്വരം പദ്ധതിയിൽ അഴിമതി ആരോപണം ഉയർന്നിരുന്നു.
മലപ്പുറം കൂരിയാട് ദേശീയപാത ഇടിഞ്ഞുതാഴ്ന്നതിൽ നിർമ്മാണ കരാർ കമ്പനിയായ കെഎൻആർ കൺസ്ട്രക്ഷൻസിനെ കഴിഞ്ഞദിവസം ഡീബാർ ചെയ്തിരുന്നു. കേന്ദ്ര ഗതാഗത മന്ത്രാലയത്തിന്റേതായിരുന്നു നടപടി. ദേശീയപാത അതോറിറ്റിയുടെ വിദഗ്ധസംഘം പ്രദേശത്തെത്തി പരിശോധന നടത്തി റിപ്പോർട്ട് സമർപ്പിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടി. 21 നാണ് ഡൽഹി ഐഐടി പ്രൊഫസർ ജി വി റാവു മേൽനോട്ടം വഹിച്ച രണ്ടംഗ അന്വേഷണസംഘം പ്രദേശത്തെത്തിയത്. നിർമ്മാണ ചുമതല കെഎൻആർ കൺസ്ട്രക്ഷൻസിനും കൺസൾട്ടൻസി എച്ച്ഇസി എന്ന കമ്പനിക്കുമാണ്. കരിമ്പട്ടികയിൽ ഉൾപ്പെടുത്താതിരിക്കാൻ കമ്പനികളിൽ നിന്നും കേന്ദ്രം വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്.

Top News from last week.

Latest News

More from this section