ദില്ലി: രാജ്യവ്യാപകമായുള്ള തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണത്തിൻറെ (എസ്‌ഐആർ) ഷെഡ്യൂൾ പ്രഖ്യാപിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ. കേരളമടക്കമുള്ള 12 സംസ്ഥാനങ്ങളിൽ എസ്‌ഐആർ നടപ്പാക്കുമെന്ന് കേന്ദ്ര മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. നാളെ മുതൽ കേരളമടക്കമുള്ള 12 സംസ്ഥാനങ്ങളിൽ ഇതിനുള്ള നടപടികൾ ആരംഭിക്കും.എസ്‌ഐആർ നടക്കുന്ന ഇടങ്ങളിൽ വോട്ടർ പട്ടിക ഇന്നു മുതൽ മരവിപ്പിക്കും. ആധാർ കാർഡ് തിരിച്ചറിയൽ രേഖയായി പരിഗണിക്കും. കേരളത്തിന് പുറമെ ഛത്തീസ്ഗഡ്, ഗോവ, ഗുജറാത്ത്, മധ്യപ്രദേശ്, രാജസ്ഥാൻ, തമിഴ്‌നാട്, ഉത്തർപ്രദേശ്, പശ്ചിമബംഗാൾ എന്നീ സംസ്ഥാനങ്ങളിലും പുതുച്ചേരി, ലക്ഷ്വദീപ്, ആൻഡമാൻ എന്നീ കേന്ദ്രഭരണ പ്രദേശങ്ങളിലുമടക്കം 12 ഇടങ്ങളിലാണ് രാജ്യവ്യാപക എസ്‌ഐആർ ആദ്യം നടപ്പാക്കുക. എസ്‌ഐആറിൻറെ കരട് പട്ടിക ഡിസംബർ ഒമ്പതിന് പ്രസിദ്ധീകരിക്കും. നവംബർ നാല് മുതൽ ഡിസംബർ നാലുവരെയായിരിക്കും കേരളമടക്കമുള്ള സംസ്ഥാനങ്ങളിൽ വോട്ടർ പട്ടിക പരിഷ്‌കരണം നടക്കുക. ഫെബ്രുവരി ഏഴിനായിരിക്കും അന്തിമ പട്ടിക പുറത്തിറക്കുക.
ബീഹാറിൽ ആദ്യഘട്ട എസ് ഐ ആർ വിജയകരമായി പൂർത്തിയാക്കി. ഇത് സംബന്ധിച്ച് വിശദമായ ചർച്ച പിന്നീട് നടത്തി. ഒരു അപ്പീൽ പോലും ബീഹാറിൽ ഉണ്ടായിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി.1951 മുതൽ 2004 വരെ എട്ടുതവണ രാജ്യത്ത് തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണം നടന്നു. രാജ്യവ്യാപക എസ്‌ഐആറിനുള്ള നടപടിക്രമങ്ങളുടെ ഭാഗമായി ബിഎൽഒ ഉൾപ്പെടെയുള്ളവർക്ക് നാളെ മുതൽ പരിശീലനം തുടങ്ങും. ഓൺലൈനായും അപേക്ഷ പൂരിപ്പിക്കാം. രാഷ്ട്രീയ പാർട്ടികളുമായി എസ്‌ഐആർ സംബന്ധിച്ച് സിഇഒമാർ ചർച്ച നടത്തി വിശദീകരിക്കും. രാഷ്ട്രീയ പാർട്ടികൾ നിർദേശിക്കുന്ന ബൂത്ത് തല ഏജൻറുമാർക്കും പരിശീലനം നൽകുമെന്നും ഗ്യാനേഷ് കുമാർ വ്യക്തമാക്കി.കേരളം അടക്കം നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളെ ആദ്യ പട്ടികയിൽ ഉൾപ്പെടുത്തുമെന്ന സൂചന കമ്മീഷൻ നേരത്തെ നല്കിയിരുന്നു. തദ്ദേശഭരണ തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിൽ കേരളത്തിലെ എസ്‌ഐആർഅതുവരെ നീട്ടി വയ്ക്കണം എന്ന് സംസ്ഥാനത്തെ രാഷ്ട്രീയ കക്ഷികൾ നിർദ്ദേശിച്ചിരുന്നു. എന്നാൽ, ഇക്കാര്യം പരിഗണിക്കാതെയാണ് കേരളത്തിലും എസ്‌ഐആർ നടപ്പാക്കുന്നത്.






