നവകേരള സർവേ: പേനയ്ക്കും നോട്ടുബുക്കിനുമായി നഷ്ടമായത് 46 ലക്ഷം; കെ.എസ്.എഫ്.ഇക്കും വൻ തുക വെള്ളത്തിലായി


തിരുവനന്തപുരം: മുൻ സർക്കാർ നടപ്പിലാക്കാൻ ശ്രമിച്ച നവകേരള സർവേ പൂർത്തിയാകാതെ ഉപേക്ഷിച്ചതോടെ പൊതുമേഖലാ സ്ഥാപനമായ കെ.എസ്.എഫ്.ഇക്കും ലക്ഷങ്ങളുടെ സാമ്പത്തിക നഷ്ടം. സർവേയിൽ പങ്കെടുത്ത സന്നദ്ധ പ്രവർത്തകർക്ക് പേനയും ബുക്കുകളും വിതരണം ചെയ്ത വകയിൽ 46 ലക്ഷത്തിലേറെ രൂപയാണ് കമ്പനിക്ക് നഷ്ടമായതെന്ന് വിവരാവകാശ രേഖകൾ വ്യക്തമാക്കുന്നു. അന്നത്തെ മന്ത്രിയുടെ പ്രത്യേക നിർദ്ദേശപ്രകാരമാണ് കെ.എസ്.എഫ്.ഇ ഈ തുക സ്പോൺസർഷിപ്പായി നൽകിയത്.

സംസ്ഥാനത്തെ 85 ലക്ഷത്തോളം വീടുകൾ സന്ദർശിച്ച് വികസന-ക്ഷേമ നിർദ്ദേശങ്ങൾ സ്വീകരിക്കാനായി 85,000 നവകേരള കർമ്മസേനാംഗങ്ങളെയാണ് നിയോഗിച്ചിരുന്നത്. പ്രവർത്തകർക്ക് ആവശ്യമായ നോട്ടുബുക്ക്, നോട്ട്പാഡ്, പേന എന്നിവയുടെ സ്പോൺസർഷിപ്പ് ആവശ്യപ്പെട്ട് ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പ് (ഐ.പി.ആർ.ഡി) സമീപിച്ചതിനെ തുടർന്ന്, 2026 മാർച്ച് അഞ്ചിലെ ഡയറക്ടർ ബോർഡ് യോഗമാണ് തുക അനുവദിക്കാൻ തീരുമാനിച്ചത്. വീടുകളിലേക്ക് കെ.എസ്.എഫ്.ഇയുടെ ബ്രാൻഡിംഗ് എത്തിക്കുക എന്നതായിരുന്നു ലക്ഷ്യം.
തുടർന്ന് കുടുംബശ്രീ മുഖേന കെ.എസ്.എഫ്.ഇ ലോഗോ പതിപ്പിച്ച 85,000 വീതം ബുക്കുകളും പേനകളും തയ്യാറാക്കി വിതരണം ചെയ്യുകയും ഇതിനായി ആകെ 46,16,475 രൂപ കെ.എസ്.എഫ്.ഇ കുടുംബശ്രീക്ക് കൈമാറുകയും ചെയ്തു.
85,000 നോട്ടുബുക്കുകൾ: 25,50,000
85,000 നോട്ട്പാഡുകൾ: 11,78,525
85,000 പേനകൾ: 8,47,450
ഗതാഗതച്ചെലവ്: 40,500
നിയമപോരാട്ടങ്ങൾക്ക് ഒടുവിൽ സുപ്രീംകോടതി സർവേയ്ക്ക് അനുമതി നൽകിയെങ്കിലും, തൊട്ടുപിന്നാലെ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ സർവേ നടപടികൾ പൂർണ്ണമായി നിർത്തിവെക്കേണ്ടി വന്നു. ഇതോടെയാണ് കെ.എസ്.എഫ്.ഇ ചെലവഴിച്ച ലക്ഷക്കണക്കിന് രൂപ യാതൊരു പ്രയോജനവുമില്ലാതെ നഷ്ടമായത്.









