തിരുവനന്തപുരം: നവരാത്രി ആഘോഷങ്ങൾക്ക് വിരാമമിട്ട് ഇന്ന് വിജയദശമി. ആയിരക്കണക്കിന് കുരുന്നുകൾ അക്ഷരലോകത്തേക്ക് ചുവടുവയ്ക്കും. സംസ്ഥാനത്തെ വിവിധ ആരാധനാലയങ്ങളിലും സാംസ്‌ക്കാരിക കേന്ദ്രങ്ങളിലും കുട്ടികളെ എഴുത്തിനിരുത്തും. കോട്ടയം പനച്ചിക്കാട് ക്ഷേത്രം, പറവൂർ ദക്ഷിണ മൂകാംബിക, കൊല്ലൂർ മൂകാംബിക ക്ഷേത്രം, മലപ്പുറം തുഞ്ചൻ സ്മാരകം എന്നിവടങ്ങളിലുൾപ്പെടെ എഴുത്തിനിരുത്തൽ തുടങ്ങി. കർണാടകയിലെ കൊല്ലൂർ ക്ഷേത്രത്തിൽ കുട്ടികളെ എഴുത്തിനിരുത്താനുള്ള മലയാളികളുടെ തിക്കും തിരക്കുമാണുള്ളത്. ഇന്ന് പുലർച്ചെ മുതൽ എഴുത്തിനിരുത്താനുള്ള ആളുകളുടെ തിരക്കാണ് അനുഭവപ്പെടുന്നത്. മുഖ്യ തന്ത്രി നിത്യാനന്ദ അടികയുടെ നേതൃത്വത്തിലാണ് ചടങ്ങുകൾ നടക്കുന്നത്. 20ലധികം ഗുരുക്കൻമാരാണ് ഇവിടെ കുട്ടികളെ എഴുത്തിനിരുത്തുന്നത്.









