മൂന്നാർ: പന്ത്രണ്ട് വർഷത്തിലൊരിക്കൽ പൂക്കുന്ന നീലക്കുറിഞ്ഞി ഇനിമുതൽ സംരക്ഷിത സസ്യം. കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാല യമാണ് കഴിഞ്ഞ ദിവസം ഉത്തരവിറക്കിയത്. ഇതുപ്രകാരം, നീലക്കുറിഞ്ഞിച്ചെടികൾ പിഴുതെടുക്കുകയോ നശിപ്പിക്കുകയോ ചെയ്യുന്നത് മൂന്നുവർഷം തടവും 25,000 രൂപ പിഴയും ലഭിക്കാവുന്ന കുറ്റമാണ്. നീലക്കുറിഞ്ഞി കൃഷി ചെയ്യുന്നതും കൈവശം വെയ്ക്കുന്നതും വിപണനവും വിലക്കിയിട്ടുമുണ്ട്. 1972ലെ കേന്ദ്ര വന്യജീവി സംരക്ഷണ നിയമപ്രകാരം ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി അറസ്റ്റ് ചെയ്യും. മൂന്നു വർഷം വരെ തടവും കുറ്റം ആവർത്തിച്ചാൽ ഏഴു വർഷം വരെ തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ ലഭിക്കും.
പശ്ചിമഘട്ടത്തിൽപെട്ട മൂന്നാർ, തമിഴ്നാട്, കർണാടക, ഗോവ എന്നിവിടങ്ങളിൽ മാത്രം കണ്ടുവരുന്ന നീലക്കുറിഞ്ഞിയുടെ ശാസ്ത്രീയ നാമം സ്ട്രോബിലാന്തസ് കുന്തിയാന എന്നാണ്. രാജ്യത്ത് 6 സസ്യങ്ങൾ മാത്രമാണ് ഇതുവരെ സംരക്ഷിത വിഭാഗത്തിലുണ്ടായിരുന്നത്. പുതിയ പ്രഖ്യാപനത്തിൽ 19 ഇനം സസ്യങ്ങളെക്കൂടി ഉൾപ്പെടുത്തി. ഇതിൽ ഒന്നാം സ്ഥാനത്ത് നീലക്കുറിഞ്ഞിയാണ്. ഒന്നു മുതൽ 12 വർഷം വരെയുള്ള ഇടവേളകളിൽ പൂക്കുന്ന 64 ഇനം നീലക്കുറിഞ്ഞികളാണു പശ്ചിമഘട്ടത്തിലുള്ളത്. ഇതിൽ 47 എണ്ണം മൂന്നാറിലുണ്ട്. 2030ൽ ആണ് അടുത്ത നീലക്കുറിഞ്ഞി വസന്തം.