ദില്ലി: നീറ്റ് പരീക്ഷാ ക്രമക്കേടിൽ ഒടുവിൽ മൗനം വെടിഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. എൻ. ഡി. എ യോഗത്തിലാണ് വിഷയം ചൂണ്ടിക്കാട്ടി സർക്കാർ വേഗത്തിൽ തന്നെ ശക്തമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് മോദി വ്യക്തമാക്കിയത്. കേസിൽ കുറ്റക്കാരായ 13 പേരെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചുവെന്നും, വിദ്യാർത്ഥികളുടെ ഭാവി മുൻനിർത്തി ഉടൻ തന്നെ പുനഃപരീക്ഷ നടത്തി ഫലം പ്രഖ്യാപിച്ചുവെന്നും അദ്ദേഹം പറഞ്ഞു. പരീക്ഷാ പേപ്പർ ചോർച്ചയിൽ ഉദ്യോഗസ്ഥരുടെ ഭാഗത്താണ് വീഴ്ച സംഭവിച്ചതെന്നാണ് സർക്കാരിന്റെ നടപടികളെ ന്യായീകരിച്ചുകൊണ്ട് പ്രധാനമന്ത്രി വിശദീകരിക്കാൻ ശ്രമിച്ചത്.
ചോദ്യപേപ്പർ ചോർച്ചയ്ക്ക് ശേഷം ആദ്യമായാണ് പ്രധാനമന്ത്രി വിഷയത്തിൽ പ്രതികരിക്കുന്നത്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം തെരുവിൽ സമരം ശക്തമാക്കുകയും പാർലമെന്റിൽ ചർച്ച ആവശ്യപ്പെട്ട് പ്രതിഷേധം തുടരുകയും ചെയ്യുന്നതിനിടയിലാണ് മോദിയുടെ ഈ പ്രതികരണം. മന്ത്രിയെ സംരക്ഷിച്ചു നിർത്തി, മുഴുവൻ കുറ്റവും ഉദ്യോഗസ്ഥരുടെ തലയിൽ കെട്ടിവെച്ച് നടപടികൾ അവസാനിപ്പിക്കാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നതെന്ന് വ്യക്തമാക്കുന്നതാണ് എൻ. ഡി. എ യോഗത്തിലെ പ്രധാനമന്ത്രിയുടെ ഈ പ്രസ്താവന.









