നെന്മാറ ഇരട്ടക്കൊലക്കേസിലെ പ്രതി ചെന്താമരയ്ക്ക് രണ്ടുദിവസമായി നൽകിവന്ന കൗൺസിലിംഗ് പൂർത്തിയായി. ജില്ലാ നിയമസഹായ വേദി തയ്യാറാക്കുന്ന ഈ മിറ്റിഗേഷൻ റിപ്പോർട്ട് നാളെ പാലക്കാട് അഡീഷണൽ സെഷൻസ് കോടതിയിൽ സമർപ്പിക്കും. പ്രതിയെ വീഡിയോ കോൺഫറൻസിംഗ് വഴി ഹാജരാക്കാൻ കോടതി നിർദേശിച്ചിട്ടുള്ളതിനാലും, റിപ്പോർട്ട് ലഭിച്ച ശേഷം കോടതിയിൽ വാദം തുടരാൻ സാധ്യതയുള്ളതിനാലും നാളെത്തന്നെ ശിക്ഷാവിധി പ്രഖ്യാപിക്കാൻ സാധ്യത കുറവാണെന്ന് പ്രോസിക്യൂട്ടർ എം. ജെ. വിജയകുമാർ വ്യക്തമാക്കി.
കേസിൽ ഇരുഭാഗത്തിന്റെയും വാദങ്ങൾ ഇതിനോടകം പൂർത്തിയായിട്ടുണ്ട്. താൻ ഗാന്ധിജിയല്ലെന്ന മനോഭാവമുള്ള ചെന്താമര സമൂഹത്തിന് ആപത്തായ സ്ഥിരം കുറ്റവാളിയാണെന്നും, വീണ്ടും കുറ്റകൃത്യം ചെയ്യാൻ സാധ്യതയുള്ളതിനാൽ പ്രതിക്ക് വധശിക്ഷ നൽകണമെന്നുമാണ് പ്രോസിക്യൂഷൻ വാദിച്ചത്. എന്നാൽ കേസിൽ സാഹചര്യത്തെളിവുകൾ മാത്രമാണുള്ളതെന്നും, പ്രതിയുടെ മുൻകാല സ്വഭാവം പരിഗണിക്കാതെ മാനസാന്തരപ്പെടാൻ അദ്ദേഹത്തിന് ഒരു അവസരം നൽകണമെന്നുമാണ് പ്രതിഭാഗം കോടതിയിൽ ആവശ്യപ്പെട്ടത്.









