നെന്മാറ ഇരട്ടക്കൊലപാതകം:ചെന്താമരക്ക് തൂക്കു കയർ

പാലക്കാട്: നെന്മാറ ഇരട്ടക്കൊലപാതക കേസിൽ പ്രതി ചെന്താമരയ്ക്ക് പാലക്കാട് നാലാം അഡീഷണൽ സെഷൻസ് കോടതി
വധശിക്ഷ വിധിച്ചു. പോത്തുണ്ടി ബോയൻ ഉന്നതിയിൽ തിരുത്തമ്പാടം സുധാകരൻ (55), അമ്മ ലക്ഷ്മി (75) എന്നിവരെ കൊലപ്പെടുത്തിയ കേസിലാണ് പാലക്കാട് നാലാം അഡീഷണൽ സെഷൻസ് കോടതി ജഡ്ജി കെന്നത്ത് ജോർജ് ശിക്ഷ വിധിച്ചത്. വധശിക്ഷയ്ക്ക് പുറമെ 20 ലക്ഷം രൂപ പിഴയൊടുക്കണം. ഇത് ചെന്താമരയ്ക്ക് നൽകാൻ കഴിയുന്നില്ലെങ്കിൽ സംസ്ഥാന സർക്കാർ വഹിക്കണം. ഈ പണം സുധാകരന്റെ മക്കൾക്ക് ഉടൻ നൽകണമെന്നും കോടതി നിരീക്ഷിച്ചു.
ഇരട്ടക്കൊലയ്ക്ക് ബിഎൻഎസ് 103-1, സുധാകരനെ തടഞ്ഞുവച്ചതിന് ബിഎൻഎസ് 126-2 വകുപ്പുകൾ പ്രകാരമാണ് ശിക്ഷ. കേസ് അപൂർവങ്ങളിൽ അപൂർവമെന്ന് കോടതി പറഞ്ഞു.

2025 ജനുവരി 27നാണ് കേസിന് ആസ്പ‌ദമായ സംഭവം. സുധാകരന്റെ ഭാര്യ സജിത(35)യെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ചെന്താമര ജാമ്യത്തിലിറങ്ങിയപ്പോഴാണ് ഇരട്ടക്കൊലപാതകം നടത്തിയത്. ഭാര്യയും മകളും പിണങ്ങിപ്പോകാൻ കാരണം
അയൽവാസിയായ സജിതയും കുടുംബവുമാണെന്ന സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.

Top News from last week.