സംസ്ഥാനത്ത് പുതിയ ജില്ലകളും താലൂക്കുകളും രൂപീകരിക്കേണ്ടതിന്റെ ആവശ്യകത പഠിക്കാൻ ഒരു കമ്മീഷനെ നിയമിക്കുന്ന കാര്യം സർക്കാർ പരിഗണിക്കുന്നതായി മുഖ്യമന്ത്രി വി ഡി സതീശൻ അറിയിച്ചു. മുസ്ലിം ലീഗ് എം.എൽ.എ ടിവി ഇബ്രാഹിമിന്റെ ശ്രദ്ധ ക്ഷണിക്കൽ പ്രമേയത്തിന് മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. ജില്ലാതല വികസന വ്യത്യാസങ്ങൾ കുറയ്ക്കുന്നതിനും ജനസംഖ്യയുടെയും പിന്നാക്കാവസ്ഥയുടെയും അടിസ്ഥാനത്തിൽ വിഭവങ്ങളുടെ വിതരണം ഉറപ്പാക്കുന്നതിനുമുള്ള നടപടികൾ സ്വീകരിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് സതീശൻ പറഞ്ഞു.
സംസ്ഥാനത്തെ ജില്ലാ, പ്രാദേശിക തലത്തിലുള്ള വികസന അസമത്വങ്ങൾ പരിഹരിക്കേണ്ടതിന്റെയും വിദ്യാഭ്യാസം, ആരോഗ്യം, ഗതാഗത മേഖലകളിലെ വിഭവങ്ങളുടെ വിതരണം ജനസംഖ്യയ്ക്ക് ആനുപാതികമാണെന്ന് ഉറപ്പാക്കാൻ നടപടികൾ സ്വീകരിക്കേണ്ടതിന്റെയും ആവശ്യകതായണ് പ്രമേയത്തിൽ ടി.വി ഇബ്രാഹിം ഉന്നയിച്ചിരുന്നത്. മലപ്പുറം ജില്ല വിഭജിച്ച് പുതിയ ജില്ല രൂപീകരിക്കണമെന്ന ആവശ്യം കാലങ്ങളായി നിലവിലുണ്ട്.
അടിസ്ഥാന സൗകര്യ വികസനത്തിലും വിഭവങ്ങളുടെ വിതരണത്തിലും സന്തുലിതാവസ്ഥ ഉറപ്പാക്കുന്നതിലൂടെയും എല്ലാവർക്കും സർക്കാർ സേവനങ്ങളിലും വികസന ഫലങ്ങളിലും തുല്യ പ്രവേശനം നൽകുന്നതിലൂടെയും സാമൂഹിക നീതിയോടെ സാമ്പത്തിക വളർച്ച ഉറപ്പാക്കുന്ന ഒരു വികസന ദർശനമാണ് സർക്കാർ മുന്നോട്ട് വയ്ക്കുന്നതെന്ന് മുഖ്യമന്ത്രി മറുപടിയിൽ പറഞ്ഞു. ഇതിനായി, ജനസംഖ്യ, പിന്നാക്കാവസ്ഥ, ഭൂമിശാസ്ത്രപരമായ സവിശേഷതകൾ, അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം, വിദ്യാഭ്യാസം, ആരോഗ്യം, ഗതാഗതം എന്നിവയുൾപ്പെടെ എല്ലാ മേഖലകളിലെയും സമഗ്രമായി പരിഗണിക്കുന്ന ഒരു നയ സമീപനം സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
അസമത്വങ്ങൾ പരിഹരിക്കാൻ നടപടികൾ
വിഭവ വിതരണത്തിലെ അസന്തുലിതാവസ്ഥ മൂലമുണ്ടാകുന്ന പ്രാദേശിക അസമത്വങ്ങൾ പരിഹരിക്കുന്നതിന് ഉചിതമായ പ്രായോഗിക നടപടികൾ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. കാസർഗോഡ്, വയനാട്, ഇടുക്കി, കുട്ടനാട് പാക്കേജുകൾ കാര്യക്ഷമമായി നടപ്പിലാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. കൂടാതെ, മലബാർ മേഖലയ്ക്കും തീരദേശ, മലയോര മേഖലകളിലെ ജനങ്ങൾക്കും വികസന, ക്ഷേമ പ്രവർത്തനങ്ങൾ, അടിസ്ഥാന സൗകര്യ വികസനം, ആരോഗ്യ, വിദ്യാഭ്യാസ മേഖലകൾ എന്നിവയിൽ മതിയായ വിഭവ വിഹിതം ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.
ആദിവാസി സമൂഹങ്ങളുടെ വിദ്യാഭ്യാസ പുരോഗതി, ഗവേഷണം, നൈപുണ്യ വികസനം, സാമൂഹിക-സാമ്പത്തിക പരിവർത്തനം എന്നിവയ്ക്കായി വയനാട് ട്രൈബൽ യൂണിവേഴ്സിറ്റി ഉൾപ്പെടെയുള്ള പ്രധാന സംരംഭങ്ങളും സർക്കാർ വിഭാവനം ചെയ്തിട്ടുണ്ടെന്ന് സതീശൻ പറഞ്ഞു. വയനാട് ഉൾപ്പെടെയുള്ള പിന്നോക്ക ജില്ലകളുടെ വിദ്യാഭ്യാസ, ഗവേഷണ സാധ്യതകൾക്ക് ഇത് പുതിയ ദിശാബോധം നൽകുമെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.









