ന്യൂമാഹി ഇരട്ടക്കൊലപാതക കേസ്: കൊടി സുനി ഉൾപ്പെടെ 14 പ്രതികളെയും വെറുതെ വിട്ടു

തലശേരി : ന്യൂമാഹിയിൽ ബി.ജെ.പി-ആർ.എസ്.എസ് പ്രവർത്തകരെ ബൈക്ക് തടഞ്ഞുനിർത്തി ബോംബെറിഞ്ഞ് വെട്ടിക്കൊലപ്പെടുത്തിയ കേസിൽ സി.പി.എമ്മുകാരായ 14 പ്രതികളെയും വെറുതെ വിട്ടു. ടി.പി. ചന്ദ്രശേഖരൻ കൊലക്കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്ന കൊടി സുനി, മുഹമ്മദ് ഷാഫി, ഷിനോജ് എന്നിവർ ഉൾപ്പെടെയുള്ള പ്രതികളെയാണ് തലശ്ശേരി അഡീഷനൽ ജില്ല സെഷൻസ് കോടതി (മൂന്ന്) ജഡ്ജി റൂബി കെ. ജോസ് വെറുതെ വിട്ടത്. കുറ്റം തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടെന്ന് കാണിച്ചാണ് കോടതി വിധി.

2010 മേയ് 28-ന് രാവിലെ 11ന് ഈസ്റ്റ് പള്ളൂർ പൂശാരിക്കോവിലിന് സമീപം മടോമ്മൽക്കണ്ടി വിജിത്ത്(28), കുറുന്തോടത്ത് ഹൗസിൽ ഷിനോജ് (29) എന്നിവരാണ് കൊല്ലപ്പെട്ടത്. ന്യൂമാഹി പെരിങ്ങാടി റോഡിൽ കല്ലായിയിൽ വെച്ചാണ് കൊലപാതകം. മാഹി കോടതിയിൽ ഹാജരായി തിരിച്ചു വരുമ്പോൾ ബൈക്ക് തടഞ്ഞുനിർത്തി ബോംബെറിഞ്ഞ് വെട്ടിക്കൊലപ്പെടുത്തിയെന്നാണ് കേസ്. മൊത്തം 16 പ്രതികളാണ് കേസിലുള്ളത്. ഇതിൽ രണ്ട് പേർ നേരത്തേ മരിച്ചിരുന്നു.

Top News from last week.