അടുത്ത ഉപരാഷ്ട്രപതി ആര്; മുന്‍ കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ പേരും പരിഗണനയില്‍

ജഗ്ദീപ് ധന്‍കറിന്റെ അപ്രതീക്ഷിത പടിയിറങ്ങലിന് പിന്നാലെ ആരാകും അടുത്ത ഉപരാഷ്ട്രപതി എന്നതില്‍ ചര്‍ച്ചകള്‍ തുടരുന്നു. ബിജെപി നേതാവിനാണ് സാധ്യതയെന്നാണ് റിപ്പോര്‍ട്ടുകള്‍. ജെ പി നദ്ദ, വസുന്ധര രാജെ സിന്ധ്യ, മനോജ് സിന്‍ഹ എന്നിവരുടെ പേരുകള്‍ പരിഗണനയിലുണ്ട്. മുക്താര്‍ അബ്ബാസ് നഖ്വി, ആരിഫ് മുഹമ്മദ് ഖാന്‍, എന്നിവരുടെ പേരുകളും ചര്‍ച്ചകളിലുണ്ട്. രാം നാഥ് താക്കൂര്‍, നിതീഷ് കുമാര്‍, ഹരിവന്ഷ് നാരായണ്‍ സിംഗ് എന്നിവരുടെ പേരുകളും ലിസ്റ്റില്‍ ഉള്‍പ്പെട്ടതായാണ് റിപ്പോര്‍ട്ടുണ്ട്.

പാര്‍ട്ടിയുടെ പ്രത്യയശാസ്ത്രത്തോട് ശക്തമായി ചേര്‍ന്നുനില്‍ക്കുന്ന ഒരാളെ ഉപരാഷ്ട്രപതിയായി നിയമിക്കാനാണ് ബിജെപിക്ക് താല്‍പ്പര്യമെന്നാണ് വൃത്തങ്ങള്‍ പറയുന്നത്. രാംനാഥ് താക്കൂറിനെ ഈ സ്ഥാനത്തേക്ക് പരിഗണിക്കുന്നുവെന്ന ഊഹാപോഹങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. താക്കൂര്‍ അടുത്തിടെ ബിജെപി അധ്യക്ഷന്‍ ജെ പി നദ്ദയുമായി നടത്തിയ കൂടിക്കാഴ്ച ഒരു സാധാരണ കൂടിക്കാഴ്ച മാത്രമായിരുന്നെന്നും, ഇതേ കാലയളവില്‍ മറ്റ് നിരവധി എംപിമാരും നദ്ദയെ കണ്ടിരുന്നെന്നും വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടി. താക്കൂറിന്റെ സ്ഥാനാര്‍ത്ഥിത്വത്തെക്കുറിച്ച് ജെഡിയു നേതൃത്വവും ബിജെപിയും തമ്മില്‍ ചര്‍ച്ചകളൊന്നും നടന്നിട്ടില്ലെന്നും അവര്‍ വ്യക്തമാക്കി.

ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ, അടുത്ത ഉപരാഷ്ട്രപതിയായി ബിഹാറില്‍ നിന്നുള്ള ഒരു നേതാവിനെ ബിജെപി തെരഞ്ഞെടുക്കാന്‍ സാധ്യതയുണ്ടെന്ന അഭ്യൂഹങ്ങള്‍ക്കിടയിലാണ് താക്കൂറിന്റെ പേരും ഉയര്‍ന്നുവന്നത്. ജഗ്ദീപ് ധന്‍കറിന്റെ രാജികാരണം ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന് ഉപരാഷ്ട്രപതി സ്ഥാനം ലഭിക്കുമെന്നൊരു വാദവും നിലവിലുണ്ട്.

Top News from last week.