ന്യൂഡല്‍ഹി: യെമനില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട നിമിഷ പ്രിയക്ക് മാപ്പ് നല്‍കില്ലെന്ന് ഫേസ്ബുക്കിലൂടെയും വ്യക്തമാക്കി കൊല്ലപ്പെട്ട തലാലിന്റെ സഹോദരന്‍ രംഗത്ത്. നേരത്തെ തന്നെ മാപ്പില്ലെന്ന് വ്യക്തമാക്കിയിരുന്ന സഹോദരന്‍ അബ്ദുല്‍ ഫത്താഹ് മഹ്ദി ഇപ്പോള്‍, ഒരു തരത്തിലുമുള്ള സമ്മര്‍ദ്ദത്തിനും വഴങ്ങില്ലെന്ന് ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി. ഒരു ഒത്തു തീര്‍പ്പിനും ഇല്ലെന്നും ദയാധനം വേണ്ടെന്നും സഹോദരന്‍ വ്യക്തമാക്കി. കുടുംബത്തിലെ മറ്റ് പലരും നിമിഷ പ്രിയക്ക് മാപ്പ് നല്‍കണമെന്ന നിലപാടിലാണെന്നും റിപ്പോര്‍ട്ടുകള്‍ക്കിടയിലാണ് അബ്ദുല്‍ ഫത്താഹ് മഹ്ദി മാപ്പ് നല്‍കില്ലെന്ന് വ്യക്തമാക്കി രംഗത്തെത്തിയത്. പല തരത്തിലുമുള്ള മധ്യസ്ഥ ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നും തങ്ങള്‍ സമ്മര്‍ദ്ദത്തിന് വഴങ്ങില്ലെന്നും മഹ്ദി വിവരിച്ചു. തങ്ങളുടെ ആവശ്യം നീതി (ഖ്വിസാസ്) മാത്രമാണെന്നും സഹോദരന്‍ വിശദീകരിച്ചു. സത്യം മറക്കപ്പെടുന്നില്ലെന്നും, എത്ര ദൈര്‍ഘ്യമെടുത്താലും ദൈവത്തിന്റെ സഹായത്തോടെ നീതി നടപ്പാക്കപ്പെടുമെന്നും മഹ്ദി ഫേസ്ബുക്കില്‍ കുറിച്ചു.
തലാലിന്റെ സഹോദരന്‍ അബ്ദുല്‍ ഫത്താഹ് മഹ്ദിയുടെ കുറിപ്പിന്റെ വിശദാംശങ്ങള്‍
ഇന്ന് മധ്യസ്ഥതയിലൂടെയും സമാധാന ശ്രമങ്ങളിലൂടെയും കേള്‍ക്കപ്പെടുന്നതും നേടപ്പെടുന്നതും പുതിയതോ അതിശയകരമോ ആയ ഒന്നല്ല… നമ്മുടെ കേസിന്റെ വര്‍ഷങ്ങളിലുടനീളം, രഹസ്യമായ ശ്രമങ്ങളും വലിയ മധ്യസ്ഥ ശ്രമങ്ങളും നടന്നിട്ടുണ്ട്, ഇത് സാധാരണവും പ്രതീക്ഷിതവുമാണ്. അതിനര്‍ത്ഥം, ഞങ്ങള്‍ അനുഭവിച്ച സമ്മര്‍ദ്ദങ്ങള്‍ ഞങ്ങളില്‍ ഒന്നും മാറ്റിയിട്ടില്ല, ഞങ്ങളുടെ ആവശ്യം വ്യക്തമാണ്നീതി (ക്വിസാസ്) മാത്രം, മറ്റൊന്നും അല്ല, കാര്യം എന്തുതന്നെയായാലും. ഇപ്പോള്‍ ഇത് മാറ്റിവെക്കപ്പെട്ടിരിക്കുന്നു, ഞങ്ങള്‍ അത് പ്രതീക്ഷിച്ചിരുന്നില്ല-നിര്‍ഭാഗ്യവശാല്‍-പ്രത്യേകിച്ചും, നടപ്പാക്കല്‍ നിര്‍ത്തിവെച്ചവര്‍ക്ക് ഏതെങ്കിലും രൂപത്തിലോ വിധത്തിലോ ഉള്ള അനുരഞ്ജന ശ്രമങ്ങളോടുള്ള ഞങ്ങളുടെ പൂര്‍ണ നിരാകരണം അറിയാം. എന്തായാലും, ശിക്ഷ നടപ്പാക്കല്‍ തീയതി നിശ്ചയിച്ചതിനുശേഷം ഇത്തരം ശ്രമങ്ങള്‍ വരുന്നത് മുമ്പത്തേക്കാള്‍ ബുദ്ധിമുട്ടാണ്. ഞങ്ങള്‍ ശിക്ഷ നടപ്പാക്കല്‍ വരെ പിന്തുടരും. കാലതാമസം ഞങ്ങളെ വഴങ്ങാന്‍ പ്രേരിപ്പിക്കില്ല, സമ്മര്‍ദ്ദം ഞങ്ങളെ ഇളക്കില്ല, പണം രക്തത്തിന് പകരമാകില്ല… സത്യം മറക്കപ്പെടുന്നില്ല… നീതി വരും,എത്ര ദൈര്‍ഘ്യമെടുത്താലും, ദൈവത്തിന്റെ സഹായത്തോടെ നീതി നടപ്പാക്കപ്പെടും.
അനുനയ ശ്രമം തുടരും
അതേസമയം ഇക്കാര്യത്തില്‍ ബന്ധുക്കള്‍ക്കിടയില്‍ അഭിപ്രായ ഐക്യം ആയിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. അതുകൊണ്ടുതന്നെ ഇനിയും ചര്‍ച്ച തുടരാന്‍ സാധ്യതയുണ്ട്. സഹോദരനെ അടക്കം അനിനയിപ്പിക്കാനുള്ള ഊര്‍ജ്ജിത ശ്രമം തുടരുകയാണ്. ഇന്നലെയാണ് നിമിഷ പ്രിയയുടെ വധശിക്ഷ നീട്ടുവച്ചുകൊണ്ട് കോടതി ഉത്തരവിട്ടത്. ഇനി ഒരു അറിയിപ്പ് ഉണ്ടാകും വരെ വധ ശിക്ഷ നിര്‍ത്തി വച്ചിരിക്കുന്നു എന്നാണ് വിധിപകര്‍പ്പില്‍ ഉള്ളത്. എന്നാല്‍ കേസ് ഇനി എന്ന് പരിഗണിക്കും എന്നും ഉത്തരവില്‍ ഇല്ല. എന്നത്തേക്ക് മാറ്റി എന്നും ഉത്തരവില്‍ ഇല്ല. നിമിഷ പ്രിയയുടെ കാര്യത്തില്‍ തുടര്‍ന്നും ഇടപെടല്‍ നടത്തും എന്ന് കാന്തപുരം വ്യക്തമാക്കിയിട്ടുണ്ട്. കുടുംബവുമായി ദയ ദനത്തില്‍ ചര്‍ച്ച നടക്കുന്നെന്നും കോടതിയില്‍ അറിയിച്ചിരുന്നു. ഇതില്‍ തീരുമാനം ആകുന്നത് വരെ വധശിക്ഷ നടപ്പിലാക്കരുത് എന്നായിരുന്നു ഹര്‍ജി നല്‍കിയത്. ഇത് അംഗീകരിച്ചാണ് കോടതി, വധശിക്ഷ നടപ്പിലാക്കുന്നത് നീട്ടിയിരിക്കുന്നത്.









