കോഴിക്കോട്: യെമനിലെ ജയിലില്‍ കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കാന്‍ ധാരണയായെന്നും ഇക്കാര്യത്തില്‍ യെമനില്‍ നിന്ന് സ്ഥിരീകരണം ലഭിച്ചെന്നും യെമനിലെ സൂഫി പണ്ഡിതന്റെ ശിഷ്യനായ ജവാദ് മുസ്തഫാവി വ്യക്തമാക്കി. കഴിഞ്ഞ 14നാണ് വധശിക്ഷ മരവിപ്പിച്ചതായുള്ള വിവരം ലഭിക്കുന്നത്. അതിനുശേഷം വധശിക്ഷ റദ്ദാക്കുന്നതിലടക്കം നിരന്തരം ചര്‍ച്ചകള്‍ യെമനില്‍ നടന്നിരുന്നു.അതിന്റെ ഭാഗമായാണ് വധശിക്ഷ റദ്ദാക്കാന്‍ ധാരണയായതെന്നും ജവാദ് മുസ്തഫാനി പറഞ്ഞു.
അതേസമയം, വധശിക്ഷ റദ്ദാക്കാന്‍ ധാരണയായെന്ന വാര്‍ത്ത കേന്ദ്ര സര്‍ക്കാര്‍ സ്ഥിരീകരിച്ചിട്ടില്ല. കൂടുതല്‍ വിവരങ്ങള്‍ കിട്ടിയ ശേഷം പ്രതികരിക്കാം എന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. വധശിക്ഷ റദ്ദാക്കിയെന്ന വാര്‍ത്ത തെറ്റാണെന്ന് യമനിലെ സാമൂഹ്യ പ്രവര്‍ത്തകന്‍ സാമുവല്‍ ജെറോം വ്യക്തമാക്കി.
വധശിക്ഷ റദ്ദാക്കാനും മറ്റു കാര്യങ്ങള്‍ തുടര്‍ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ തീരുമാനിക്കാനും ധാരണയായെന്ന വിവരമാണ് കാന്തപുരത്തിന്റെ ഓഫീസ് ഇന്നലെ രാത്രി പങ്കുവെച്ചത്. യെമന്‍ പണ്ഡിത സംഘത്തിന് പുറമെ ഉത്തര യെമനിലെ ഭരണാധികാരികളും രാജ്യാന്തര നയതന്ത്ര ഉദ്യോഗസ്ഥരും മധ്യസ്ഥ ചര്‍ച്ചകളില്‍ പങ്കെടുത്തെന്നാണ് വിവരം. എന്നാല്‍, ദയധനത്തിന്റെ കാര്യത്തില്‍ തീരുമാനമായിട്ടില്ല. എന്നാല്‍, വധശിക്ഷ റദ്ദാക്കിയിട്ടില്ലെന്നും ആരുമായാണ് ചര്‍ച്ച നടത്തിയതെന്ന് കാന്തപുരം വ്യക്തമാക്കണമെന്നും കൊല്ലപ്പെട്ട യെമന്‍ പൗരന്‍ തലാലിന്റെ സഹോദരന്‍ ആവശ്യപ്പെട്ടു.
ഇതിനിടെ, നിമിഷപ്രിയയുടെ മോചനത്തിനായി നിമിഷപ്രിയയുടെ ഭര്‍ത്താവും മകള്‍ മിഷേലും യെമനിലെത്തിയതായി പിടിഐ റിപ്പോര്‍ട്ട് ചെയ്തു. യെമനില്‍ നിന്ന് ഇവര്‍ക്കൊപ്പം ഡോ. കെ.എ പോള്‍ എന്ന ഇവാഞ്ചലിസ്റ്റ് നേതാവ് വീഡിയോയും പോസ്റ്റ് ചെയ്തിട്ടുണ്ട്. നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയെന്നും ഉടനെ മോചിതയാകുമെന്നും പ്രഖ്യാപിച്ചയാളാണ് ഗ്ലോബല്‍ പീസ് ഇനിഷ്യേറ്റീവ് എന്ന സംഘടനയുടെ സ്ഥാപകന്‍ കെ.എ പോള്‍. ഇതിനുപിന്നാലെയാണ് അപ്രതീക്ഷിത നീക്കമെന്ന നിലയില്‍ നിമിഷപ്രിയയുടെ ഭര്‍ത്താവിനും മകള്‍ മിഷേലിനും ഒപ്പമുള്ള വീഡിയോ.
അബ്ദുല്‍ മലിക് ഹൂത്തി എന്ന ഹൂത്തി നേതാവിനോടുള്ള അപേക്ഷയാണ് വീഡിയോയില്‍. ആഗോള സമാധാന സമ്മേളനത്തിന് ക്ഷണിച്ചാണ് തുടക്കം. നിമിഷയെ വെറുതെവിട്ടതില്‍ യെമന്‍ നേതാക്കള്‍ക്കും ഭരണകൂടത്തിനും വീഡിയോയില്‍ നന്ദി പറയന്നുമുണ്ട്. നിമിഷയെ ദിവസങ്ങള്‍ക്കകം മോചിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും എല്ലാത്തിനും നന്ദിയുണ്ടെന്നും നിമിഷപ്രിയ ഇന്ത്യയുടെ മകളാണെന്നുമാണ് വീഡിയോയില്‍ പറയുന്നത്.
അതേസമയം, ഈ നീക്കത്തെക്കുറിച്ച് വിഷയത്തില്‍ ഇടപെടുന്ന മറ്റാര്‍ക്കും വിവരമില്ല. പലരും ഇതിനോട് യോജിക്കുന്നുമില്ല. നിമിഷപ്രിയ ഉടന്‍ മോചിതയാകുമെന്ന നിലയില്‍ത്തന്നെയാണ് വീഡിയോയില്‍ ഉടനീളമുള്ള സന്ദേശവും. നിമിഷപ്രിയയുടെ ഭര്‍ത്താവിനെയും ബന്ധപ്പെടാനാവുന്നില്ല. ഒന്നേകാല്‍ വര്‍ഷത്തിലധികമായി നിമിഷപ്രിയയുടെ അമ്മ യെമനില്‍ തന്നെയാണ.്









