തലശ്ശേരി: തലശ്ശേരി സ്റ്റേഡിയം സിന്തറ്റിക് ട്രാക്കിൽ ഉപജില്ലാ കായിക മേളയിൽ ഷൂസ് ധരിക്കാതെ ഓടിയ ഒൻപത് വിദ്യാർഥികൾക്ക് കാലിന് പൊള്ളലേറ്റു.
പരുക്കേറ്റ വിദ്യാർഥികൾക്ക് തലശ്ശേരി ജനറൽ ആസ്പത്രിയിൽ പ്രാഥമിക ശുശ്രൂഷ നൽകി. മട്ടന്നൂർ ഉപജില്ലാ കായികമേളയിൽ സബ് ജൂനിയർ 400 മീറ്റർ ഓട്ട മത്സരത്തിൽ പങ്കെടുത്ത കുട്ടികൾക്കാണ് പൊള്ളലേറ്റത്.
മത്സരശേഷമാണ് കുട്ടികൾക്ക് വേദന അനുഭവപ്പെട്ടത്. ഉടൻ വിദ്യാർഥികളെ ആസ്പത്രിയിലേക്ക് മാറ്റി. സൂര്യകിരൺ (മെരുവമ്പായി യുപി സ്കൂൾ), ആയിഷ ജംഷീർ (വേങ്ങാട് മാപ്പിള യുപി), കെ ഷിയോണ, കെ വി ചൈതന്യ (ശിവപുരം എച്ച്എസ്), പി പി ശിവന്യ, ശിവനന്ദ, കെ മുഹമ്മദ്, ആർ അഭിനവ് (മുട്ടന്നൂർ യുപി), ആര്യ (മട്ടന്നൂർ ജിയുപി) എന്നിവർക്കാണ് പൊള്ളലേറ്റത്.
ചൈതന്യ ആറാം ക്ലാസും മറ്റുള്ളവർ ഏഴാം ക്ലാസ് വിദ്യാർഥികളുമാണ്. കാലിന് പൊള്ളലേറ്റ വിദ്യാർഥികൾ നിലവിളിച്ച് കൊണ്ടാണ് ആസ്പത്രിയിൽ എത്തിയത്. ഐസ്‌കട്ട ഉപയോഗിച്ചും മരുന്ന് പുരട്ടിയും കാലിന്റെ വേദന ശമിപ്പിച്ചു.









