നിപ വൈറസിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന പാലക്കാട് സ്വദേശിനിയുടെ നില ഗുരുതരമായി തുടരുന്നു. യുവതിയ്ക്ക് മോണോ ക്ലോണല്‍ ആന്റി ബോഡി നല്‍കി തുടങ്ങിയെന്നും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മറ്റ് വിദഗ്ധ ചികിത്സയും യുവതിക്ക് നല്‍കി വരികയാണെന്നും മന്ത്രി അറിയിച്ചു.
അതേസമയം യുവതിയുടെ പ്രാഥമിക സമ്പര്‍ക്ക പട്ടികയില്‍ 100 പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് കണ്ടെത്തല്‍.
ഹൈറിസ്‌ക് കോണ്‍ടാക്ട് ഉള്ളത് 52 പേര്‍ക്കാണ്. ഇതിനിടെ നാലുപേരുടെ സാമ്പിള്‍ പരിശോധനഫലം ഇന്ന് ഉച്ചയ്ക്ക് ലഭിക്കും. നിപ ബാധിതയുടെ മകന്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഐസോലേഷനിലാണ്. 12 പേര്‍ പാലക്കാട്, മഞ്ചേരി മെഡിക്കല്‍ കോളേജുകളിലായി ഐസോലേഷനിലാണ്. രോഗവ്യാപനം കണ്ടെത്താനും തടയാനും നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
അതേസമയം സംസ്ഥാനത്ത് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും നിപയുമായി ബന്ധപ്പെട്ട് വ്യാജ പ്രചാരണങ്ങള്‍ നടത്തരുതെന്നും വീണാ ജോര്‍ജ് ആവശ്യപ്പെട്ടു.









