നിപ്മറിനെ സ്വയം പര്യാപ്‌ത സ്ഥാപനമാക്കും,തെറാപ്പി രംഗത്ത് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും: മന്ത്രി അബ്ദുല്‍ ഗഫൂര്‍


തൃശൂര്‍: ചികിത്സയിലും തെറാപ്പികളിലും നൂതന സാങ്കേതികവിദ്യകള്‍ പ്രയോജനപ്പെടുത്തണമെന്നും ഇതിനായി പഠനങ്ങളും നൈപുണ്യ വികസനവും സാധ്യമാക്കേണ്ടതുണ്ടെന്നും സാമൂഹ്യനീതി മന്ത്രി വി.ഇ അബ്ദുല്‍ ഗഫൂര്‍. ഇരിങ്ങാലക്കുടയില്‍ പ്രവര്‍ത്തിക്കുന്ന നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കല്‍ മെഡിസിന്‍ ആന്റ് റിഹാബിലിറ്റേഷന്‍ (എന്‍.ഐ.പി.എം.ആര്‍) ആസ്ഥാനത്ത് നടന്ന ബിരുദ ദാന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്റ് ഹിയറിംഗ് (നിഷ്) എന്ന സ്ഥാപനം പോലെ മികവിന്റെ കേന്ദ്രമായി എന്‍.ഐ.പി.എം.ആറും ഉയര്‍ന്നുവരേണ്ടതുണ്ട്. അത്തരത്തില്‍ ഈ സ്ഥാപനത്തെ ശക്തിപ്പെടുത്താനുള്ള പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകും. ഫിസിയോതെറാപ്പി, ഒക്കുപേഷണനൽ തെറാപ്പി തുടങ്ങിയവ പുതിയ കാലത്ത് വളരെ തൊഴില്‍ സാധ്യതയുള്ള കോഴ്‌സുകളാണ്. എന്നാല്‍ കേരളത്തില്‍ ഈ മേഖലയില്‍ ആവശ്യമായ അവസരങ്ങളും വിദഗ്ധരുടെ ലഭ്യതയും പരിമിതമായതിനാല്‍ മികച്ച തൊഴില്‍ സാധ്യതകള്‍ തേടി വിദ്യാര്‍ഥികള്‍ വിദേശത്തേക്ക് പോകുന്ന സാഹചര്യമുണ്ട്. കേരളത്തില്‍ തന്നെ മികച്ച അവസരങ്ങള്‍ സൃഷ്ടിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു.
ഇതുപോലുള്ള മെഡിക്കല്‍ സംബന്ധമായ വിഷയങ്ങള്‍, ഒരു കോഴ്‌സ് പഠിക്കുന്നു എന്ന് പരിമിതപ്പെടുത്തേണ്ടതല്ല. അതിനൊപ്പം വിദ്യാര്‍ഥികളുടെ സ്‌കില്‍ ഡെവലപ്‌മെന്റിന് പ്രാധാന്യം നല്‍കണം. പഠനത്തോടൊപ്പം പ്രായോഗിക പരിജ്ഞാനവും തൊഴില്‍നൈപുണ്യവും നേടാന്‍ കഴിയണം. എന്‍.ഐ.പി.എം.ആര്‍ പോലുള്ള സംവിധാനങ്ങള്‍ കൂടുതല്‍ മികവുറ്റ സ്ഥാപനമായി വികസിപ്പിക്കണം. ഭിന്നശേഷി പുനരധിവാസവുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങളും ലഭ്യമാക്കാന്‍ കഴിയണം. ഈ അടുത്ത കാലത്ത് തന്റെ സഹോദരന് വിദഗ്ധ ഫിസിയോതെറാപ്പി ആവശ്യമായി വന്നപ്പോള്‍ എറണാകുളത്ത് അതിനുള്ള സംവിധാനം ഉണ്ടായിരുന്നില്ല. തുടര്‍ന്ന് തിരുവനന്തപുരത്തേക്ക് പോകേണ്ടിവന്ന അനുഭവവും മന്ത്രി പങ്കുവച്ചു. ഇത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കാന്‍ സംസ്ഥാനത്ത് മികച്ച ചികിത്സാ സൗകര്യങ്ങളും വിദഗ്ധരെയും വളര്‍ത്തിയെടുക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. പഠനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകളും മന്ത്രി വിതരണം ചെയ്തു.
തോമസ് ഉണ്യാടന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. മണിപ്പാല്‍ ഹയര്‍ എഡ്യൂക്കേഷന്‍ അക്കാദമിയിലെ ഒക്കുപേഷണല്‍ തെറാപ്പി വിഭാഗം പ്രൊഫസര്‍ ഡോ. സെബസ്റ്റിന അനിത ഡിസൂസ, എന്‍.ഐ.പി.എം.ആര്‍ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ അരുണ്‍ എസ് നായര്‍, ഇരിങ്ങാക്കുട മുനിസിപ്പല്‍ ചെയര്‍മാന്‍ എം.പി ജാക്‌സണ്‍, എന്‍.ഐ.പി.എം.ആര്‍ സ്‌പെഷ്യല്‍ ഓഫീസര്‍ ഡോ.കെ.എസ് വിജയലക്ഷ്മിയമ്മ, ഗായത്രി തേവര്‍കാട്ടില്‍ സുരേഷ്, അന്ന സാനിയല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.









