കൊച്ചി: ദന്തൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ അന്വേഷണ ഉദ്യോഗസ്ഥരുടെ വീഴ്ചകൾക്കെതിരെ ഹൈക്കോടതി കടുത്ത അമർഷം രേഖപ്പെടുത്തി. അന്വേഷണത്തിൽ പോലീസിന്റെ ഉത്തരവാദിത്തമില്ലായ്മ ചൂണ്ടിക്കാട്ടിയ കോടതി, സർക്കാരിന്റെയും ആഭ്യന്തര വകുപ്പിന്റെയും പ്രതിച്ഛായ തകർക്കാനാണോ ശ്രമിക്കുന്നതെന്ന് ഉദ്യോഗസ്ഥരോട് ചോദിച്ചു. പ്രതികൾക്ക് സുപ്രീംകോടതി വരെ പോകാൻ അവസരമൊരുക്കിയത് എന്തിനാണെന്നും, സാധാരണക്കാരുടെ സംരക്ഷണത്തിന് ഇവിടെ കോടതിയുണ്ടെന്ന് ഓർക്കണമെന്നും ജസ്റ്റിസ് വ്യക്തമാക്കി.
കേസിൽ കൃത്യമായ അന്വേഷണ മേൽനോട്ടം വഹിക്കുന്നതിൽ ക്രൈംബ്രാഞ്ച് എസ്.പി അടക്കമുള്ളവർ പരാജയപ്പെട്ടുവെന്ന് വിലയിരുത്തിയ കോടതി, അന്വേഷണ ഉദ്യോഗസ്ഥനെതിരെ സർക്കാർ നടപടിയെടുത്തില്ലെങ്കിൽ കോടതി നേരിട്ട് ഉത്തരവിടുമെന്ന് മുന്നറിയിപ്പ് നൽകി. കൂടാതെ, കോടതി നടപടികൾക്കിടെ ഓൺലൈൻ മൈക്ക് ഓഫ് ചെയ്യാൻ ശ്രമിച്ച അന്വേഷണ ഉദ്യോഗസ്ഥന്റെ നീക്കത്തെയും കോടതി വിമർശിച്ചു. കേസിൽ അന്വേഷണ ഉദ്യോഗസ്ഥനെതിരെ സ്വീകരിച്ച നടപടികൾ അറിയിക്കാൻ എ.ഡി.ജി.പിക്ക് നിർദ്ദേശം നൽകിയ ഹൈക്കോടതി, ഹർജി രണ്ടാഴ്ചയ്ക്ക് ശേഷം പരിഗണിക്കാൻ മാറ്റി.









