കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് ഒന്നാം വർഷ ബി.ഡി.എസ് വിദ്യാർത്ഥിയായിരുന്ന നിതിൻ രാജിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് പ്രതി ചേർക്കപ്പെട്ട കോളേജ് പാത്തോളജി വിഭാഗം മുൻ മേധാവിയും അധ്യാപകനുമായ ഡോ. എം.കെ. റാം ആന്ധ്രാ പ്രദേശിൽ തന്നെ ഒളിവിൽ തുടരുന്നതായി പോലീസ് അന്വേഷണ സംഘം വിലയിരുത്തുന്നു. സുപ്രീം കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതോടെ പ്രതി ഉടൻ കീഴടങ്ങിയേക്കുമെന്നാണ് സൂചന. നിലവിൽ അന്വേഷണ സംഘത്തിലെ രണ്ട് ഉദ്യോഗസ്ഥർ ആന്ധ്രയിൽ ക്യാമ്പ് ചെയ്യുന്നുണ്ടെങ്കിലും, പ്രതിയെ വേഗത്തിൽ പിടികൂടുന്നതിനായി ക്രൈംബ്രാഞ്ചിൽ നിന്നുള്ള കൂടുതൽ ഉദ്യോഗസ്ഥർ ഉടൻ തന്നെ അങ്ങോട്ട് തിരിക്കും.
നിതിൻ രാജിനെ സഹപാഠികളുടെ മുന്നിൽ വെച്ച് ജാതിപരമായി അധിക്ഷേപിക്കുകയും നിരന്തരം മാനസികമായി പീഡിപ്പിക്കുകയും ചെയ്തുവെന്ന ഗുരുതരമായ ആരോപണമാണ് ഡോ. എം.കെ. റാം അടക്കമുള്ളവർക്കെതിരെ ഉയർന്നിട്ടുള്ളത്. പ്രിൻസിപ്പലിന്റെ ഓഫീസിലേക്ക് വിളിപ്പിച്ചതിന് തൊട്ടുപിന്നാലെയാണ് നിതിൻ ജീവനൊടുക്കിയത്. അതേസമയം, നിതിൻ രാജ് ഓൺലൈൻ ലോൺ ആപ്പിൽ നിന്ന് പണം കടമെടുത്തിരുന്നതായും, ഇതുമായി ബന്ധപ്പെട്ട് ലോൺ ആപ്പ് ഏജന്റുമാർ ഫോണിലൂടെ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നതായും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. ഈ രണ്ട് കോണുകളിലൂടെയും കേസ് വിശദമായി അന്വേഷിക്കാനാണ് ക്രൈംബ്രാഞ്ചിന്റെ തീരുമാനം.









