കണ്ണൂർ : കണ്ണൂരിൽ നടന്ന പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിലേക്ക് തന്നെ ക്ഷണിക്കാതെ അവഗണിച്ചതിനെതിരെ കണ്ണൂർ കോർപ്പറേഷൻ മേയർ അഡ്വ. പി. ഇന്ദിര മുഖ്യമന്ത്രിക്കും ഗതാഗത മന്ത്രിക്കും പരാതി നൽകി. സ്ത്രീകൾക്കായി സർക്കാർ നടപ്പിലാക്കിയ ഇത്രയും വലിയൊരു അഭിമാന പദ്ധതിയുടെ തുടക്കമായിട്ടും, ഒരു വനിതാ മേയർ എന്ന നിലയിൽ തനിക്ക് അർഹിക്കുന്ന പരിഗണനയോ ബഹുമാനമോ നൽകാൻ അധികൃതർ തയ്യാറായില്ലെന്ന് മേയർ പറഞ്ഞു.
കണ്ണൂർ കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ വെച്ച് ഇത്തരമൊരു പ്രധാന ചടങ്ങ് നടക്കുന്നുണ്ടെന്ന വിവരം ഔദ്യോഗികമായി അറിയിക്കുന്നത് ഞായറാഴ്ച രാത്രി വൈകി മാത്രമാണെന്നും മേയർ ആരോപിച്ചു. മേയറെ മാത്രമല്ല, കോർപ്പറേഷൻ ഡെപ്യൂട്ടി മേയറേയും ഈ ചടങ്ങിൽ നിന്നും പൂർണ്ണമായി ഒഴിവാക്കുകയാണുണ്ടായത്. കണ്ണൂർ കോർപ്പറേഷനെയും അതിൻ്റെ ജനപ്രതിനിധികളെയും തീർത്തും അവഗണിച്ചുകൊണ്ട് നടത്തിയ ഈ ചടങ്ങിന് പിന്നിലെ വീഴ്ചയെക്കുറിച്ച് അടിയന്തരമായി അന്വേഷണം നടത്തണമെന്ന ആവശ്യം ഉന്നയിച്ചുകൊണ്ട് മുഖ്യമന്ത്രിക്കും ഗതാഗത മന്ത്രിക്കും അഡ്വ. പി. ഇന്ദിര പരാതി നൽകി.









