പാർട്ടിക്കായി ഇനി പ്രചാരണത്തിനില്ല’; സൈബർ ആക്രമണം നടത്തുന്നത് പാർട്ടി അംഗങ്ങളെന്ന് ജി സുധാകരൻ

ആലപ്പുഴ: മന്ത്രി സജി ചെറിയാനെതിരെ വിമർശനങ്ങൾ ആവർത്തിച്ച് മുതിർന്ന സിപിഎം നേതാവ് ജി സുധാകരൻ. പാർട്ടിക്കായി ഇനി പ്രചാരണത്തിന് ഇല്ലെന്നും ജി സുധാകരൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. നേതാക്കൾ പറയുന്നത് വസ്തുതാവിരുദ്ധമായ കാര്യമാണ്. കഴിഞ്ഞ അഞ്ച് വർഷമായി ഒരു പാർട്ടി പരിപാടിക്കും തന്നെ വിളിച്ചിട്ടില്ലെന്നും ജി സുധാകരൻ കുറ്റപ്പെടുത്തുന്നു. തനിക്കും കുടുംബത്തിനും നേരെ സൈബർ ആക്രമണം നടക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു. തനിക്കും കുടുംബാംഗങ്ങൾക്കുമെതിരെ സൈബർ ആക്രമണം നടത്തുന്നത് പാർട്ടി അംഗങ്ങൾ ഉൾപ്പടെ ഉള്ളവരാണ് എന്നാണ് ജി സുധാകരൻ ആരോപിക്കുന്നത്. ജില്ലാ സെക്രട്ടറി നാസറിനും എച്ച് സലാമിനും എതിരെയും ജി സുധാകരൻ വിമർശനം ഉന്നയിക്കുന്നു.

ഫേസ്ബുക്കിലൂടെ പാർട്ടിപ്രവർത്തകർ തന്നെ അധിക്ഷേപിക്കുന്നു. തനിക്ക് അധികാരമോഹമെന്നും പാർലമെൻററി മോഹമെന്ന് പ്രചരിപ്പിച്ചു. അവർക്കെതിരെ നടപടി എടുക്കണം. ജില്ലാ സെക്രട്ടറി നാസറും സജി ചെറിയാനും തനിക്കെതിരെ പരസ്യപ്രവർത്തനം നടത്തി. ഇവരൊക്കെ സൈബർ പോരാളികൾ അല്ലല്ലോ എന്നും സുധാകരൻ ചോദിക്കുന്നു. ജില്ലാ സെക്രട്ടറി നാസറിന്റെ കീഴിലെ ബ്രാഞ്ചിൽ ഞാൻ പ്രവർത്തിക്കുന്നത് തന്നെ അയാൾക്ക് അഭിമാനിക്കണ്ട കാര്യമല്ലേ എന്നും ജി സുധാകരൻ ചോദിച്ചു. സൈബർ അക്രമണത്തിനെതിരെ നടപടി എടുക്കേണ്ടവർ എന്നെ ഉപദേശിക്കുകയാണെന്നും അദ്ദേഹം വിമർശിച്ചു.

Top News from last week.