ഒരു സിനിമയും പാർട്ടിയെ ബാധിക്കില്ല; സിനിമ, സിനിമയുടെ വഴിക്ക് പോകുമെന്ന് ബിജെപി

 

തിരുവനന്തപുരം: ഒരു സിനിമയും പാർട്ടിയെ ബാധിക്കില്ലെന്നും സിനിമ, സിനിമയുടെ വഴിക്ക് പോകുമെന്നും ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി സുധീർ. മോഹൻലാൽ-പൃഥ്വിരാജ് ചിത്രം എമ്പുരാനെതിരെ പാർട്ടി ഭാരവാഹികൾ ഉൾപ്പെടെ സമൂഹ മാധ്യമങ്ങളിൽ പങ്കുവെയ്ക്കുന്നത് വ്യക്തിപരമായ അഭിപ്രായം മാത്രമാണെന്നും സുധീർ പറഞ്ഞു. സംസ്ഥാന കോർ കമ്മിറ്റി യോഗത്തിന് ശേഷം സെക്രട്ടറി അഡ്വ. എസ് സുരേഷിനൊപ്പം മാധ്യമങ്ങളെ കണ്ടപ്പോഴാണ് പി സുധീർ ഇക്കാര്യങ്ങൾ പറഞ്ഞത്.

സിനിമയ്ക്കെതിരെ ബിജെപി ക്യാംപെയ്ൻ തുടങ്ങിയില്ലെന്നും പി സുധീർ പറഞ്ഞു. സിനിമ, സിനിമയുടെ വഴിക്കും പാർട്ടി, പാർട്ടിയുടെ വഴിക്കും പോകും. സിനിമ എന്താണെന്ന് അത് കാണുന്ന ആസ്വാദകരാണ് വിലയിരുത്തേണ്ടത്. സിനിമ തങ്ങളെ ബാധിക്കുന്ന വിഷയമല്ലെന്നും സുധീർ വ്യക്തമാക്കി.

സിനിമ ആസ്വാദകർ എന്ന നിലയിൽ ഓരോ വ്യക്തികളും അവരുടെ അഭിപ്രായങ്ങൾ തുറന്നുപറയും. പാർട്ടിയെ സംബന്ധിച്ചിടത്തോളം പ്രത്യേകിച്ച് ഒന്നും പറയാനില്ലെന്നും സുധീർ പറഞ്ഞു. സോഷ്യൽ മീഡിയയിൽ വരുന്നത് വ്യക്തിപരമായ അഭിപ്രായമാണെന്നും സുധീർ വ്യക്തമാക്കി.

ഇന്നലെയായിരുന്നു മോഹൻലാലിനെ കേന്ദ്രകഥാപാത്രമാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത എമ്പുരാൻ തീയറ്ററുകളിൽ എത്തിയത്. ഇതിന് പിന്നാലെ ചിത്രത്തിനെതിരെ സോഷ്യൽമീഡിയയിൽ സംഘപരിവാർ ഹാൻഡിലുകളിൽ നിന്ന് വ്യാപക സൈബർ ആക്രമണം ഉയർന്നിരുന്നു. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ചില പരാമർശങ്ങളായിരുന്നു സൈബർ ആക്രമണത്തിന് ആധാരമായത്. ഇത് വലിയ വിമർശനങ്ങൾക്ക് ഇടയാക്കിയതോടെയാണ് പ്രതികരണവുമായി ബിജെപി നേതാക്കൾ രംഗത്തെത്തിയത്.

Top News from last week.

Latest News

More from this section