കണ്ണൂർ: പള്ളിക്കുന്ന് – ചാലാട് പി.ഡബ്ല്യു.ഡി ബസ് റൂട്ടിൽ പന്നേൻപാറ റെയിൽവേ ഗേറ്റിന് കിഴക്കുഭാഗത്തുള്ള റോഡിലെ ഹമ്പിൽ വെള്ളം കെട്ടിക്കിടക്കുന്നതിനാൽ യാത്രക്കാരും പ്രദേശവാസികളും കടുത്ത ദുരിതത്തിൽ. റോഡിലെ അശാസ്ത്രീയമായ ഹമ്പ് കാരണം മഴവെള്ളം ഒഴുകിപ്പോകാതെ ചെളിവെള്ളമായി കെട്ടിക്കിടക്കുകയാണ്. ഇതിലൂടെ കാൽനടയാത്രക്കാർക്കും ഇരുചക്രവാഹന യാത്രക്കാർക്കും സഞ്ചരിക്കാൻ സാധിക്കാത്ത അവസ്ഥയാണുള്ളത്.
പ്രശ്നപരിഹാരം ആവശ്യപ്പെട്ട് രണ്ടു വർഷം മുൻപ് തന്നെ പി.ഡബ്ല്യു.ഡി അധികൃതർക്കും കോർപ്പറേഷൻ അധികാരികൾക്കും പരാതി നൽകിയിരുന്നെങ്കിലും ഇതുവരെ യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു.
ഈ വർഷത്തെ ഗ്രാമസഭയിൽ വിഷയം വീണ്ടും ഉന്നയിക്കുകയും വാർഡ് കൗൺസിലറുടെ ശ്രദ്ധയിൽപ്പെടുത്തുകയും ചെയ്തിട്ടും ശാശ്വതമായ ഒരു പരിഹാരം കണ്ടെത്താൻ അധികൃതർ തയ്യാറായിട്ടില്ല. മഴക്കാലം കനത്തതോടെ റോഡിലെ വെള്ളക്കെട്ട് കാരണം അപകടങ്ങൾ ഉണ്ടാകാനുള്ള സാധ്യതയും ഏറിയിരിക്കുകയാണ്. ജനങ്ങളുടെ യാത്രാദുരിതത്തിന് അടിയന്തരമായി പരിഹാരം എത്രയും വേഗം കാണണം എന്നാണ് ജനങ്ങളുടെ ആവശ്യം..









