വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിനുകളുടെ ഏറ്റവും പുതിയ പതിപ്പായ സ്ലീപറുകളുടെ വാര്‍ത്തകളും, ചിത്രങ്ങളും ഇതോടകം സോഷ്യല്‍ മീഡിയകളില്‍ വൈറലാണ്. ഇന്ത്യന്‍ റെയില്‍വേയുടെ മുഖഛായ തന്നെ മാറ്റുന്ന പ്രോജക്ടുകളില്‍ ഒന്നാണിത്. നാളെ (ജനുവരി 17) പ്രധാനമന്ത്രി നരേന്ദ്ര മോദി വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിനുകള്‍ നാടിന് സമര്‍പ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
ആദ്യ സര്‍വീസ്
ഗവാഹത്തിക്കും കൊല്‍ക്കത്തയ്ക്കും ഇടയിലാകും വന്ദേ ഭാരത് സ്ലീപര്‍ ട്രെയിനിന്റെ ആദ്യ സര്‍വീസ് നിശ്ചയിച്ചിരിക്കുന്നത്. നിലവില്‍ സര്‍വീസ് നടത്തിവരുന്ന വന്ദേ ഭാരത് എക്‌സ്പ്രസുകള്‍ക്ക് ലഭിച്ച മികച്ച പ്രതികരണമാണ് വന്ദേ ഭാരത് സ്ലീപര്‍ ട്രെയിനുകള്‍ക്ക് വഴിവച്ചത്. ദീര്‍ഘദൂര യാത്രകള്‍ക്ക് ഉതകും വിധം അടിമുടി നവീകരണങ്ങളോടെയാണ് പുതിയ പതിപ്പ് എത്തുന്നത്. ഏതൊരു ട്രെയിനിന്റെയും കരുത്ത് അതിന്റെ ഘടകങ്ങള്‍ തന്നെയാണ്. അതിനാല്‍ വന്ദേ ഭാരത് സ്ലീപര്‍ ട്രെയിനിന്റെ ഘടകങ്ങളെ പറ്റിയാണ് ഇന്നു നാം നോക്കുന്നത്
72 വെണ്ടര്‍മാരുടെ സംയോജനം
റിപ്പോര്‍ട്ടുകള്‍ പ്രകാരം 72 ഓളം സംരംഭങ്ങളുടെ കൂട്ടായ പരിശ്രമമാണ് ഒരു വന്ദേ ഭാരത് സ്ലീപര്‍ ട്രെയിന്‍. സൗകര്യങ്ങളുടെ കാര്യത്തില്‍ ലോകത്തിലെ ഏറ്റവും മികച്ച ട്രെയിനുകളില്‍ ഒന്നാക്കി ഇതിനെ മാറ്റാന്‍ ഇന്ത്യന്‍ റെയില്‍വേ ശ്രമിച്ചിട്ടുണ്ടെന്ന് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് ഇതിനകം വ്യക്തമാക്കിയിട്ടുണ്ട്. ട്രെയിനിനായുള്ള ഓരോ പാര്‍ട്‌സ് അത്ര സൂക്ഷമമായി തെരഞ്ഞെടുക്കപ്പെട്ടവയാണ്
പ്രധാന കമ്പനികള്‍
വന്ദേ ഭാരത് സ്ലീപര്‍ ട്രെയിനുകളിലേയ്ക്ക് വരുമ്പോള്‍ നമ്മള്‍ ഒരിക്കലും വിസ്മരിക്കാന്‍ പാടില്ലാത്ത ചില പേരുകളുണ്ട്. മേധ, ടാറ്റ, അമിത് എന്‍ജിനീയറിംഗ്, നോര്‍-ബ്രെംസ്, ഫെയ്വ്ലി, ഭേൽ എന്നിവയാണിവ. ട്രെയിനിനായി ആഗോളതലത്തില്‍ നിലവാരമുള്ള ഘടകങ്ങള്‍ വിതരണം ചെയ്ത പ്രമുഖര്‍ ആണിവര്‍.
വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിനിന് പ്രത്യേക എന്‍ജിന്‍ ഇല്ലെന്ന കാര്യം നിങ്ങള്‍ക്ക് അറിയുമോ? അപ്പോള്‍ ട്രെയിന്‍ ചലിക്കുന്നത് എങ്ങനെ എന്നാകും നിങ്ങള്‍ ചിന്തിക്കുന്നത്? ഓരോ കോച്ചും ഒരു പവര്‍ കാറായാണ് പ്രവര്‍ത്തിക്കുന്നത്. ട്രെയിന്‍ ഓടാന്‍ ആവശ്യമായ ഘടകങ്ങള്‍ നല്‍കുന്നത് മേധയാണ്. ട്രാന്‍സ്ഫോര്‍മര്‍, കോച്ചിന് താഴെ ഘടിപ്പിച്ചിരിക്കുന്ന അണ്ടര്‍ഫ്‌ലോര്‍ മോട്ടോര്‍, ട്രെയിന്‍ പ്രവര്‍ത്തിപ്പിക്കാന്‍ വൈദ്യുതി നല്‍കുന്ന പാന്റോഗ്രാഫ് എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു




