ടിക്കറ്റില്ലെങ്കിൽ പോക്കറ്റ് മാത്രമല്ല, പൂട്ടു വീഴും! റെയിൽവേയിൽ ജൂലൈ മുതൽ വൻ പിഴ; പുതിയ നിയമങ്ങൾ അറിയാം

ദില്ലി: ട്രെയിൻ യാത്രകളിൽ ഇനി നിയമം തെറ്റിച്ചാൽ കൈപൊള്ളും. റെയിൽവേ നിയമത്തിലെ ഭേദഗതികൾ പ്രാബല്യത്തിൽ വരുന്നതോടെ, വിവിധ നിയമലംഘനങ്ങൾക്കുള്ള പിഴത്തുക കുത്തനെ കൂട്ടി. ടിക്കറ്റില്ലാത്ത യാത്ര, റിസർവ്ഡ് കോച്ചുകളിലെ അനധികൃത പ്രവേശനം, റെയിൽവേ സൗകര്യങ്ങൾ ദുരുപയോഗം ചെയ്യൽ എന്നിവയ്ക്കാണ് ജൂലൈ മുതൽ ഭീമമായ തുക പിഴയായി ഈടാക്കുക. ചെറിയ കുറ്റകൃത്യങ്ങൾക്ക് ക്രിമിനൽ നടപടികൾ ഒഴിവാക്കി, പകരം സാമ്പത്തിക പിഴ ഈടാക്കുന്ന കേന്ദ്ര സർക്കാരിന്റെ ‘ജൻ വിശ്വാസ് (ഭേദഗതി) ആക്ട്, 2026’ ന്റെ ഭാഗമായാണ് ഈ മാറ്റങ്ങൾ.

പ്രധാന മാറ്റങ്ങൾ

ടിക്കറ്റില്ലാത്ത യാത്രയ്ക്ക് കുറഞ്ഞത് 500 രൂപ പിഴ: ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നവരിൽ നിന്ന് ഇനിമുതൽ യാത്ര ചെയ്ത ദൂരത്തിന്റെ യഥാർത്ഥ നിരക്കിനൊപ്പം കുറഞ്ഞത് 500 രൂപ അധിക പിഴയായി ഈടാക്കും (റെയിൽവേ ആക്ട് സെക്ഷൻ 137).

ലേഡീസ് കോച്ചിൽ കയറിയാൽ 2500 രൂപ പിഴ: വനിതകൾക്കായി സംവരണം ചെയ്തിട്ടുള്ള കോച്ചുകളിലോ ബെർത്തുകളിലോ പുരുഷന്മാർ അതിക്രമിച്ചു കയറിയാൽ റെയിൽവേ ആക്ട് സെക്ഷൻ 162 പ്രകാരം 2500 രൂപ പിഴയടക്കേണ്ടി വരും. റെയിൽവേ ഉദ്യോഗസ്ഥർക്ക് ഇവരെ ഉടൻ തന്നെ കോച്ചിൽ നിന്നും പുറത്താക്കാനും അധികാരമുണ്ട്.

കോടതിയിലെത്തിയാൽ പിഴ ഇരട്ടി: ലേഡീസ് കോച്ചിൽ കയറിയതിനുള്ള പിഴ റെയിൽവെയ്ക്ക് ഒടുക്കാൻ തയ്യാറാകാത്ത പക്ഷം കേസ് കോടതിയിലേക്ക് കൈമാറും. കോടതിയിലെത്തിയാൽ പിഴത്തുക 5000 രൂപ വരെയായി ഉയരാം. അതേസമയം, ട്രാൻസ്‌ജെൻഡർ വ്യക്തികളെ ഈ നിയമത്തിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. വനിതാ യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും റെയിൽവേ സൗകര്യങ്ങളുടെ ദുരുപയോഗം തടയുന്നതിനും വേണ്ടിയാണ് പിഴത്തുകകൾ കുത്തനെ ഉയർത്തിക്കൊണ്ടുള്ള ഈ പുതിയ പരിഷ്കാരം നടപ്പിലാക്കുന്നത്.

Top News from last week.