ആറുമണിക്കൂറോളം ചികിത്സ നൽകിയില്ല; പയ്യന്നൂരിലെ കുഞ്ഞിന്റെ മരണം ഡോക്ടർമാരുടെ വലിയ വീഴ്ചയെന്ന് സമിതി

പയ്യന്നൂർ :പയ്യന്നൂർ ബേബി മെമ്മോറിയൽ ആശുപത്രിയിൽ ഒന്നര വയസ്സുകാരൻ മരണപ്പെട്ട സംഭവത്തിൽ ഡോക്ടർമാരുടെ ഭാഗത്തുനിന്ന് ഗുരുതരമായ ജാഗ്രതക്കുറവുണ്ടായതായി വിദഗ്ധ സമിതി വിലയിരുത്തി. സമിതിയിലെ ഭൂരിപക്ഷം പേരുടെയും നിഗമനം ഇതാണെന്ന് സമിതി അംഗവും ജില്ലാ ഗവണ്മെന്റ് പ്ലീഡറുമായ അഡ്വ. കെ. അജിത് കുമാർ അറിയിച്ചു. അപകടം നടന്ന് ആറുമണിക്കൂറോളം കുട്ടിക്ക് യാതൊരുവിധ പരിചരണവും നൽകിയിരുന്നില്ല. ഈ സമയമത്രയും വലിയ രീതിയിൽ രക്തസ്രാവം ഉണ്ടായിരുന്നില്ലെന്നത് വ്യക്തമാണ്. സ്വാഭാവികമായി ആറുമണിക്കൂർ കൊണ്ട് തനിയെ ഉണങ്ങാൻ സാധ്യതയുള്ള ചെറിയൊരു മുറിവായിരുന്നിട്ടും പ്ലാസ്റ്റിക് സർജറി ചെയ്യേണ്ട കാര്യമുണ്ടായിരുന്നില്ലെന്നും, കുഞ്ഞിന് പൂർണ്ണ ബോധക്ഷയം വരുത്തിയുള്ള ജനറൽ അനസ്തീഷ്യ ചികിത്സ ആവശ്യമില്ലായിരുന്നുവെന്നും സമിതി നിരീക്ഷിച്ചു.

ആവശ്യമില്ലാത്ത ഇത്തരം ചികിത്സാരീതികൾ നിർദ്ദേശിച്ച ഡോക്ടർമാരുടെ നടപടി ചോദ്യം ചെയ്യപ്പെടേണ്ടതാണ്. അനസ്തീഷ്യ നൽകുമ്പോഴുണ്ടാകുന്ന അടിയന്തര സാഹചര്യങ്ങളെ നേരിടാനുള്ള യാതൊരുവിധ അത്യാധുനിക സജ്ജീകരണങ്ങളും ഈ ആശുപത്രിയിൽ ഉണ്ടായിരുന്നില്ലെന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. ഈ തകരാറുമൂലമാണ് പിന്നീട് കുഞ്ഞിനെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റേണ്ടി വന്നത്. ആവശ്യത്തിന് ജീവൻരക്ഷാ സൗകര്യങ്ങളില്ലാത്ത ഒരിടത്ത് എന്തിനാണ് ഇത്തരമൊരു ചികിത്സയ്ക്ക് മുതിർന്നതെന്ന ചോദ്യം ബാക്കിയാവുന്നു.

ലളിതമായൊരു പരിക്കിന് ഇത്തരത്തിൽ അനസ്തീഷ്യ നൽകി ചികിത്സിച്ചതിന് പിന്നിൽ മറ്റെന്തെങ്കിലും ലക്ഷ്യങ്ങൾ ഉണ്ടായിരുന്നോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഡോക്ടർമാർക്ക് ഇത്തരമൊരു ചികിത്സാ രീതി നിശ്ചയിച്ചു നൽകിയവരെക്കൂടി നിയമത്തിന് മുന്നിൽ കൊണ്ടുവരേണ്ടതുണ്ട്. സമിതി തയ്യാറാക്കിയ ഈ അന്വേഷണ റിപ്പോർട്ട് രണ്ട് ദിവസത്തിനകം പോലീസിന് സമർപ്പിക്കുമെന്നും അഡ്വ. കെ. അജിത് കുമാർ വ്യക്തമാക്കി.

Top News from last week.

Latest News

More from this section