ആലപ്പുഴ: ശബരിമലയിലെ ആചാരത്തിന്റെ കാര്യത്തിൽ സർക്കാർ നിലപാട് മാറ്റം എൻഎസ്എസിന് ബോധ്യപ്പെട്ടുവെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. പണ്ടുണ്ടായിരുന്ന സ്ത്രീ പ്രവേശനമെന്ന ഐഡിയ സർക്കാർ ഉപേക്ഷിച്ചെന്ന് അവർക്ക് ബോധ്യപ്പെട്ടു. ഇക്കാര്യം ദേവസ്വം മന്ത്രി അടക്കം ചെന്ന് ഉറപ്പു കൊടുത്തതിന്റെ അടിസ്ഥാനത്തിലാണ് ആ വിഷയത്തിൽ എൻഎസ്എസ് സർക്കാരിനെ പിന്തുണയ്ക്കുന്നത്. എൻഎസ്എസിന്റെ നിലപാട് വരാൻ പോകുന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന് ഗുണം ചെയ്യുമെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.
എൻഎസ്എസിന്റെ നിലപാട് വരാൻ പോകുന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന് ഗുണം ചെയ്യും. കമ്യൂണിസ്റ്റ് പാർട്ടിയെയും സർക്കാരിനെയും സംബന്ധിച്ചിടത്തോളം ഒരു ആൾക്കൂട്ടം ഉണ്ടാക്കണണെങ്കിൽ അതിന് അവരെ ആരും പറഞ്ഞുപഠിപ്പിക്കേണ്ടതില്ല. നിമിഷം കൊണ്ട് എത്ര ആയിരം ആളുകളെ അവിടെ കൂട്ടാനുള്ള ശക്തിയും സംഘടനാശേഷിയുമുണ്ട്. പമ്പയിൽ പരിപാടി സംഘടിപ്പിച്ചത് ആളുകൾക്ക് വളരെ ബുദ്ധിമുട്ടുണ്ടാക്കി. പരിപാടിയുടെ സംഘാടനത്തിൽ ഭാവനാപരമായ ചിന്തയിൽ അല്പം അപകതയുണ്ടായിയെന്നും വെള്ളാപ്പള്ളി നടേശൻ കൂട്ടിച്ചേർത്തു.
എൻഎസ്എസിന്റേത് വിഷയാധിഷ്ഠിത നിലപാടാണ്. അല്ലാതെ എല്ലാത്തിനേയും എതിർക്കുകയായിരുന്നില്ല ചെയ്തിരുന്നത്. ഓരോ വിഷയം വരുമ്പോൾ എൻഎസ്എസ് ചിലതിനോട് യോജിക്കും. ചിലതിനോട് വിയോജിക്കും. അത് സ്വാഭാവികമാണ്. ഞങ്ങളും അങ്ങനെയൊക്കെത്തന്നെയാണ്. ആചാരങ്ങൾ നടപ്പാക്കാതെ, യുവതീപ്രവേശനവുമായി ബന്ധപ്പെട്ട വിഷയം വന്നപ്പോൾ എൻഎസ്എസ് ശക്തമായി എതിർത്തു. ആ എതിർപ്പ് എല്ലാ തലങ്ങളിലും അറിയിച്ചു. പഴയ നിലപാടിൽ നിന്നും മാറിയെന്നും, ആചാരം അനുസരിച്ച് നടത്തുമെന്നും സർക്കാർ അറിയിച്ചു. സ്ത്രീ പ്രവേശനമെന്ന പഴയ നിലപാട് സർക്കാർ ഉപേക്ഷിച്ചെന്ന് ബോധ്യമായതിന്റെ അടിസ്ഥാനത്തിലാണ് എൻഎസ്എസ് സർക്കാരിനെ പിന്തുണച്ചത്.
ശബരിമല വിഷയത്തിൽ എൻഎസ്എസ് സർക്കാരിനെ വിശ്വസിക്കുന്നു എന്നാണ് വ്യക്തമാക്കിയിട്ടുള്ളത്. അതിനർത്ഥം എല്ലാക്കാര്യത്തിലും വിശ്വസിക്കണമെന്നില്ല. ആദ്യം സ്ത്രീ പ്രവേശനത്തിന് ശ്രമിച്ചെങ്കിലും പിന്നീടുള്ള കാലങ്ങളിൽ സ്ത്രീ പ്രവേശനത്തിനുള്ള സമ്മർദ്ദം സർക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ല. ശബരിമലയിൽ പഴയ ആചാരങ്ങൾ അനുസരിച്ച് സർക്കാർ പ്രവർത്തിക്കാൻ തയ്യാറായത് ജനവികാരം മനസ്സിലാക്കിക്കൊണ്ടാണെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു.
ശബരിമലയിൽ ആചാരങ്ങൾ നടപ്പാക്കണം എന്നാണ് എൻഎസ്എസ് ആവശ്യപ്പെട്ടിരുന്നത്. എസ്എൻഡിപിയുടേയും അതേ നിലപാടാണ്. ഇപ്പോൾ ശബരിമലയിൽ സ്ത്രീ പ്രവേശനം എന്ന ആശയം സിപിഎം ഉപേക്ഷിച്ചു. അതുകൊണ്ടു തന്നെ സർക്കാരിനെ എതിർക്കേണ്ടതില്ല. അക്കാര്യം പറഞ്ഞതിൽ എന്താണ് തെറ്റെന്ന് വെള്ളാപ്പള്ളി ചോദിച്ചു. ശരി ആരു പറഞ്ഞാലും അതിനൊപ്പമാണ് നിൽക്കേണ്ടത്. ശബരിമല വിഷയത്തിൽ എൻഎസ്എസ് സ്വീകരിച്ച നിലപാടിനെ തങ്ങൾ സ്വാഗതം ചെയ്യുകയാണ്. ആചാരം പൂർണമായും പാലിക്കണമെന്നു തന്നെയാണ് എസ്എൻഡിപിയും ആവശ്യപ്പെട്ടിട്ടുള്ളത്.
സർക്കാർ എപ്പോഴും എൻഎസ്എസിന് എതിരായിരുന്നു എന്നു പറയാൻ സാധിക്കില്ല. മുന്നാക്ക സംവരണം അടക്കമുള്ള വിഷയങ്ങളിൽ എൻഎസ്എസിന്റെ വാക്ക് സർക്കാർ കേട്ടില്ലേ. ശബരിമല വിഷയത്തിൽ കോൺഗ്രസിന് നിലപാടില്ല. എതിർക്കുകയോ അനുകൂലിക്കുകയോ ചെയ്യാത്ത നിലപാടാണ്. അക്കാര്യത്തിൽ ജി സുകുമാരൻ നായർ പറഞ്ഞത് ശരിയാണ്. തന്റെ വീട്ടിൽ കോൺഗ്രസുകാർ വരുന്നില്ല എന്നതിൽ അശേഷം പിണക്കമില്ല. വരാതിരിക്കുന്നതിൽ സന്തോഷമാണുള്ളത്. തന്നെ ജയിലിലാക്കാൻ നോക്കിയവരാണ് കോൺഗ്രസുകാർ. തന്റെ വീട്ടിൽ വരരുതെന്ന് കെപിസിസി വിലക്കിയിരുന്നുവെന്നും വെള്ളാപ്പള്ളി പറഞ്ഞു.









