ന്യൂക്‌ളിയർ ബ്‌ളാക്‌മെയിലിന്റെ കാറ്റഴിച്ചുവിട്ടു, ഇന്ത്യയുടെ മിസൈലുകളെ ഓർത്താൽ പാകിസ്താന് ഇനി ഉറക്കമുണ്ടാവില്ല:

ആദംപൂർ വ്യോമതാവളത്തിലെ സൈനികരെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി

ന്യൂഡൽഹി: ഇന്ത്യൻസേന പാകിസ്താന്റെ ന്യൂക്‌ളിയർ ബ്‌ളാക്‌മെയിലിന്റെ കാറ്റഴിച്ചുവിട്ടു എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഓപ്പറേഷൻ സിന്ദൂർ ഒരു സാധാരണ സൈനിക നടപടിയായിരുന്നില്ലായെന്നും ഭാരതത്തിന്റെ അന്തസ്സിന് വേണ്ടി ജീവൻ പണയപ്പെടുത്തുന്ന ഓരോ സൈനികന്റെയും പ്രതിജ്ഞയാണതെന്നും പ്രധാനമന്ത്രി പറഞ്ഞു. ആദംപൂർ വ്യോമതാവളത്തിലെ സൈനികരെ അഭിസംബോധന ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

നമ്മുടെ സഹോദരിമാരുടെയും പെൺകുട്ടികളുടെയും സിന്ദൂരം മായ്ക്കാൻ ശ്രമം ഉണ്ടായപ്പോൾ ഭീകരുടെ വീട്ടിൽ പോയി തിരിച്ചടി നൽകി. ഭീകരവാദത്തെ അതിന്റെ കേന്ദ്രത്തിൽ ചെന്ന് തകർത്തു. പാകിസ്താൻ ആർമിയും ഇന്ത്യയുടെ കരുത്തറിഞ്ഞു. പാകിസ്താനിലെ ഒരു ഭീകരകേന്ദ്രവും സുരക്ഷിതമല്ല. ഭീകരർക്ക് രക്ഷപ്പെടാൻ ഒരു വഴിയും ബാക്കിവെക്കില്ല. ഇന്ത്യൻ സേനയെ അവർ വെല്ലുവിളിച്ചു പിന്നാലെ സൈന്യം തിരിച്ചടിച്ചു. ഓപ്പറേഷൻ സിന്ദൂർ രാജ്യത്തിന്റെ ആത്മവിശ്വാസം വര്ദ്ധിപ്പിച്ചു. രാജ്യത്തിന്റെ ഐക്യത്തിന്റെ പ്രതീകമായി ഓപ്പറേഷൻ സിന്ദൂർ മാറി. പാകിസ്താനിലെ ഒമ്പത് ഭീകരകേന്ദ്രങ്ങളാണ് ഓപ്പറേഷനിലൂടെ തകർത്തത്. സൈന്യം ഒന്നായി നിന്ന് പോരാടിയതിന്റെ ഫലമാണതെന്നും പ്രധാനമന്ത്രി പറഞ്ഞു.

രാജ്യം നടത്തിയ പോരാട്ടം ദശകങ്ങളോളവും അതിന് ശേഷവും ഓർമ്മിപ്പിക്കപ്പെടുമെന്നും പുതിയ തലമുറക്ക് പ്രേരണയും ആവേശവുമാണ് സൈന്യമെന്നും പ്രധാനമന്ത്രി കൂട്ടിചേർത്തു. ‘ഇന്ത്യൻ സേന പുതിയ ഇതിഹാസം രചിച്ചു. ‘ഭാരത് മാതാ കീ ജയ്’ എന്ന വാക്യത്തിന്റെ ശക്തി ലോകം കണ്ടു. രാജ്യത്തെ മുഴുവൻ ജനങ്ങളുടെ പ്രാർത്ഥന ഇന്ത്യൻ സേനക്കൊപ്പം ഉണ്ടായിരുന്നു. ഓപ്പറേഷൻ സിന്ദൂർ ഒരു സാധാരണ സൈനിക നടപടിയല്ല. ഇന്ത്യ ബുദ്ധന്റെയും ഗുരു ഗോവിന്ദിൻറെയും മണ്ണാണ്. ഒരു ആണവ ഭീഷണിയും ഇന്ത്യയിൽ വിലപ്പോവില്ല. ഇന്ത്യൻ സേനകളെ ചരിത്രത്തിൽ അടയാളപ്പെടുത്തിയ നേട്ടമാണിത്. കര-നാവിക-വ്യോമ സേനകളും ബിഎസ്എഫും മികച്ച പ്രകടനം കാഴ്ചവെച്ചു.

ഭീകരതയെ പിന്തുണയ്ക്കുന്ന സർക്കാരിനെയും സൂത്രധാരന്മാരെയും വെറുതെ വിടില്ല. ഇന്ത്യയുടെ പുതിയ രൂപമാണ് ലോകം ഇപ്പോൾ കാണുന്നത്. ശക്തമായ സുരക്ഷാ കവചം ഇന്ത്യയുടെ പുതിയ പെരുമയായി. ലോകത്തെ മികച്ച സൈനിക ശക്തിയായി ഇന്ത്യ മാറി. ഇന്ത്യയുടെ ധൈര്യത്തിന്റെ അടയാളമാണ്. ഇതാണ് പുതിയ ഭാരതം’ പ്രധാനമന്ത്രി പറഞ്ഞു.

ഇന്ത്യൻ എയർഫോഴ്‌സിനെയും പ്രധാനമന്ത്രി പ്രസംഗത്തിനിടയിൽ പ്രകീർത്തിച്ചു. ഇന്ത്യയുടെ വ്യോമ പ്രതിരോധത്തിന് മുന്നിൽ പാക് സേന ഭയന്നുവിറച്ചു പാക്കിസ്താനിലെ ഭീകര ക്യാമ്പുകൾ തകർക്കുകയായിരുന്നു ഇന്ത്യയുടെ ലക്ഷ്യം. പാക്കിസ്താൻ സിവിലിയൻ വിമാനങ്ങളെ കവചമാക്കി ഇന്ത്യയെ ആക്രമിച്ചു. സൈന്യത്തിൻറെ കൃത്യതയും വേഗതയും ശത്രുവിനെ അതിശയിപ്പിച്ചു. കരുതലോടെ വ്യോമസേന പ്രത്യാക്രമണം നടത്തി. ഇന്ത്യയുടെ ഡ്രോണുകളെയും മിസൈലുകളെയും കുറിച്ച് ചിന്തിച്ചാൽ പാകിസ്താന് ഇനി ഉറക്കം കിട്ടില്ല. സിവിലിയൻ വിമാനങ്ങളെ സംരക്ഷിച്ച് കൃത്യതയോടെ പാക്കിസ്താനെ പാഠം പഠിപ്പിച്ചു. ഭീകരതക്ക് കനത്ത മറുപടി നൽകും. ഭീകരതാവളങ്ങൾ ലക്ഷ്യമാക്കി ഇന്ത്യൻ സേന വേഗത്തിലും കൃത്യതയോടെയും തിരിച്ചടിച്ചു. ഭീകരവാദത്തിന് എതിരായ രാജ്യത്തിന്റെ ലക്ഷ്മണ രേഖ ഇപ്പോൾ വ്യക്തമായി. ഇനിയൊരു ഭീകര ആക്രമണം ഉണ്ടായാൽ ഇന്ത്യയുടെ പ്രതികരണം കനത്തതായിരിക്കുമെന്നും അദ്ദേഹം കൂട്ടിചേർത്തു.

Top News from last week.

Latest News

More from this section