തൊഴിൽവകുപ്പ് ഉദ്യാഗസ്ഥരുടെ സംസ്ഥാനതല അവലോകനയോഗം തിരുവനന്തപുരത്ത് ചേർന്നു
തിരുവനന്തപുരം മസ്കറ്റ് ഹോട്ടലിൽ തൊഴിൽ വകുപ്പ് ഉദ്യോഗസ്ഥരുടെ സംസ്ഥാനതല അവലോകന യോഗം തൊഴിൽ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണയുടെ അധ്യക്ഷതയിൽ ചേർന്നു. കർമ മേഖലയിൽ മുൻവിധികളില്ലാതെ ഇടപെടാനും തൊഴിൽ വകുപ്പിന്റെ മുഖമായി മാറാനും തൊഴിൽ വകുപ്പ് ഉദ്യോഗസ്ഥർക്ക് കഴിയണമെന്ന് മന്ത്രി ബിന്ദു കൃഷ്ണ പറഞ്ഞു. തൊഴിലാളികളുടെയോ തൊഴിൽ ദാതാക്കളുടെയോ താൽപര്യമല്ല, മറിച്ച് പ്രശ്നത്തിന്റെ നിജസ്ഥിതി മനസ്സിലാക്കി ഇടപെടുകയാണ് വേണ്ടത്. പുതിയ ലേബർ കോഡിന്റെ അടിസ്ഥാനത്തിൽ അന്തിമ ലേബർ നിയമങ്ങൾ ഉടൻ രൂപീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിന്റെ കടന്നുവരവ് തൊഴിൽ അവസരങ്ങൾ ഇല്ലാതാകുമോ എന്ന ഭയം നിലനിൽക്കുന്നുണ്ട്. പണ്ട് കംപ്യൂട്ടർ വന്നപ്പോഴും ഇതായിരുന്നു സാഹചര്യം എന്നാൽ സാങ്കേതിക വിദ്യകൾ തുറന്നിട്ട വാതായനങ്ങളിലൂടെ നടക്കാൻ നമുക്ക് സാധിക്കണം. കേരള ഷോപ്സ് ആൻഡ് കമേഷ്യൽ എസ്റ്റാബ്ലിഷ്‌മെൻ്റ് നിയമപ്രകാരം മുഴുവൻ സ്ഥാപനങ്ങളുടെയും രജിസ്ട്രഷൻ പുതുക്കൽ നടപടികൾക്ക് വേഗം കൂട്ടണം. സെപ്റ്റംബർ 15ന് വൈകിട്ട് 5ന് മുമ്പ് ഈ രജിസ്ട്രേഷൻ പൂർത്തിയാക്കണമെന്നും സെസ് കൃത്യമായി പിരിച്ചെടുക്കണമെന്നും മന്ത്രി ബിന്ദു കൃഷ്ണ നിർദേശിച്ചു.
അതിഥി തൊഴിലാളികളുടെ സ്ഥിതി വിവര കണക്കുകൾ കൃത്യമായി ശേഖരിക്കണം. അതിനായി പ്രത്യേക ഇടപെടൽ നടത്തണം. മറ്റു വകുപ്പുകളുടെ സഹായവും ഇക്കാര്യത്തിൽ തേടാം. തൊഴിലിട പരിശോധനകൾ മറ്റുള്ളവർക്ക് ഉപദ്രവം ആവുന്ന തരത്തിലാവരുത്. പരാതികളിൽ മുൻഗണന ക്രമം പാലിക്കണമെന്നും തൊഴിൽ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ പറഞ്ഞു. മസ്കറ്റ് ഹോട്ടൽ സിംഫണി ഹാളിൽ ചേർന്ന യോഗത്തിൽ തൊഴിൽ വകുപ്പ് സ്പെഷ്യൽ സെക്രട്ടറി ഷീബ ജോർജ്, അഡീഷണൽ ലേബർ കമ്മീഷണർമാരായ ബിച്ചു ബാലൻ, എം.കെ. സുനിൽ എന്നിവരും സന്നിഹിതരായിരുന്നു. സംസ്ഥാനത്തെ മുഴുവൻ ജില്ലകളിൽ നിന്നുമുള്ള അസിസ്റ്റൻറ് ലേബർ ഓഫീസർ ഗ്രേഡ് രണ്ടു മുതൽ അഡീഷണൽ ലേബർ ഓഫീസർമാർ വരെയുള്ള ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുത്തു. ഇതുവരെ നടത്തിയ പ്രവർത്തനങ്ങളെക്കുറിച്ച് ഉദ്യോഗസ്ഥർ യോഗത്തിൽ വിശദീകരിച്ചു.









