ഒമാൻ എണ്ണച്ചോർച്ച: കരഭാഗങ്ങളിലേക്കും പടരുന്നു; വൻ പാരിസ്ഥിതിക ദുരന്ത മുന്നറിയിപ്പുമായി യുഎൻ


മസ്കറ്റ്: ഒമാൻ കടലിൽ എണ്ണക്കപ്പൽ അപകത്തിൽപ്പെട്ടതിനെ തുടർന്നുണ്ടായ ഇന്ധനച്ചോർച്ച കൂടുതൽ ഗുരുതരമാകുന്നു. കടലിൽ പടർന്ന എണ്ണ ഇപ്പോൾ തീരപ്രദേശങ്ങളിലേക്കും വ്യാപിച്ചു തുടങ്ങിയതായി ഐക്യരാഷ്ട്രസഭയുടെ ഇന്റർനാഷണൽ മാരിടൈം ഓർഗനൈസേഷൻ അറിയിച്ചു. ശക്തമായ മൺസൂൺ കാറ്റ് വീശിയടിക്കുന്നത് മൂലം ചോർച്ച തടയാനുള്ള പ്രതിരോധ പ്രവർത്തനങ്ങൾ തടസ്സപ്പെടുകയാണ്.

390 ഓളം ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ എണ്ണ പടർന്നുപിടിച്ചതായി ഒമാൻ പരിസ്ഥിതി മന്ത്രാലയം വിലയിരുത്തുന്നു. റാസ് മദ്രക്ക ഉൾപ്പെടെയുള്ള പ്രധാന തീരങ്ങളിലും വന്യജീവി സങ്കേതമായ ഹല്ലാനിയാത്ത് ദ്വീപിന് സമീപത്തും എണ്ണ പടർന്നത് അപൂർവ്വയിനം കടലാമകൾ അടക്കമുള്ള സമുദ്രജീവികളുടെ നിലനിൽപ്പിന് വൻ ഭീഷണിയായിട്ടുണ്ട്.
പത്ത് ലക്ഷത്തോളം ബാരൽ ക്രൂഡ് ഓയിലുമായി സഞ്ചരിച്ച ‘കരോലിൻ ബെസെംഗി’ എന്ന ടാങ്കറാണ് ജൂൺ 30-ന് അപകടത്തിൽപ്പെട്ടത്. യെമൻ തീരത്തുവെച്ചുണ്ടായ സ്ഫോടനത്തെ തുടർന്ന് കപ്പലിൽ വെള്ളം കയറിയതാണ് അപകടകാരണമെന്ന് കരുതപ്പെടുന്നു. റഷ്യൻ വിപണനത്തിന് ഉപയോഗിക്കുന്ന പഴക്കം ചെന്ന കപ്പലുകളിലൊന്നാണിത്. നിലവിൽ ഒമാൻ സർക്കാരും വിവിധ അന്താരാഷ്ട്ര ഏജൻസികളും ചേർന്ന് ചോർച്ച പൂർണ്ണമായി നിയന്ത്രിക്കാനുള്ള തീവ്രശ്രമത്തിലാണ്.









