മഴക്കെടുതിയിൽ ഒമാൻ: പ്രമുഖ താഴ്‌വരകളിൽ ജലനിരപ്പ് ഉയർന്നു; ജലപാതകൾ മുറിച്ചുകടക്കരുതെന്ന് മുന്നറിയിപ്പ്


മസ്‌കറ്റ്: ഒമാനിലെ വടക്കൻ അൽ ശർഖിയ ഗവർണറേറ്റിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴ പെയ്തതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ബുധനാഴ്ച പെയ്ത കനത്ത മഴയെ തുടർന്ന് പ്രദേശത്തെ താഴ്‌വരകളിലും വാദികളിലും ജലനിരപ്പ് ഉയരുകയും വെള്ളപ്പൊക്കത്തിന് സമാനമായ അന്തരീക്ഷം രൂപപ്പെടുകയും ചെയ്തിട്ടുണ്ട്.

ഇബ്ര, അൽ മുദൈബി, ബിദിയ, അൽ ഖാബിൽ, ദിമ വ അത്തായീൻ എന്നീ വിലായാത്തുകളിലെ നിരവധി ഗ്രാമങ്ങളിൽ കനത്ത മഴയാണ് രേഖപ്പെടുത്തിയത്. അൽ ഹൈമ, സമദ് അൽ ഷാൻ, വാദി നാം, വാദി സംഹാൻ തുടങ്ങിയ പ്രധാന മേഖലകളിലെല്ലാം വാദികൾ കവിഞ്ഞൊഴുകുകയും ശക്തമായ ഒഴുക്ക് അനുഭവപ്പെടുകയും ചെയ്യുന്നുണ്ട്.
മഴ കനത്ത പശ്ചാത്തലത്തിൽ വാദികളുടെ തീരങ്ങളിൽ താമസിക്കുന്നവരും യാത്രക്കാരും അതീവ ജാഗ്രത പുലർത്തണമെന്ന് അധികൃതർ നിർദ്ദേശിച്ചു. നിറഞ്ഞു കവിയുന്ന വാദികളും ജലപാതകളും മുറിച്ചുകടക്കാൻ ശ്രമിക്കരുതെന്നും സുരക്ഷാ മുൻകരുതലുകൾ പാലിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു.









