തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നിലെ ആശപ്രവർത്തകരുടെ സമരത്തിന് ഇന്ന് അമ്പതാം നാൾ. അവകാശപ്പോരാട്ടത്തെ അവഗണിക്കുന്ന സർക്കാറിന് മുന്നിലേക്ക് മുടി മുറിച്ചെറിഞ്ഞ് പ്രതിഷേധിച്ച് ആശമാർ. മുടി പൂർണ്ണമായും നീക്കം ചെയ്തും മുടി മുറിച്ചുമാണ് ആശമാർ സമരം കടുപ്പിച്ചിരിക്കുന്നത്. സംസ്ഥാനത്തെ മറ്റ് കേന്ദ്രങ്ങളിലും ആശ പ്രവർത്തകർ മുടിമുറിച്ച് പ്രതിഷേധത്തിൽ പങ്കാളികളായി. രാവും പകലും മഞ്ഞും മഴയും വെയിലും അതിജീവിച്ചാണ് സെക്രട്ടേറിയറ്റിന് മുന്നിൽ സമരം മുന്നോട്ട് പോകുന്നത്. ഉപരോധമിരുന്നും നിരാഹാരമനുഷ്ടിച്ചും ആവശ്യങ്ങൾ അധികാരികളിലേക്ക് എത്തിക്കാൻ ശ്രമിച്ചിട്ടും മനസ്സലിയാത്തവർക്ക് മുന്നിലേക്കാണ് ആശാ സമരത്തിൻറെ ഈ മുടിമുറിച്ചെറിയൽ ഘട്ടം.









