ഓണാഘോഷവുമായി ബന്ധപ്പെട്ട് വകുപ്പുതല ഒരുക്കങ്ങള്‍ വിലയിരുത്താന്‍ മുഖ്യമന്ത്രി വി ഡി സതീശന്റെ അധ്യക്ഷതയില്‍ സെക്രട്ടേറിയറ്റില്‍ യോഗം ചേര്‍ന്നു. ഓണം വാരാഘോഷം വിപുലമായി സംഘടിപ്പിക്കാൻ യോഗത്തിൽ തീരുമാനമായി.
ഓണക്കാലത്തെ കൃത്രിമ വിലക്കയറ്റം തടയാന്‍ ദിവസേന വിപണി നിരീക്ഷണം ഏര്‍പ്പെടുത്തും. അരി ഉള്‍പ്പെടെയുള്ള അവശ്യസാധനങ്ങളുടെ വിലയില്‍ അസ്വാഭാവിക വര്‍ധന കണ്ടെത്തിയാല്‍ ഇടപെടുന്നതിന് റവന്യൂ, പോലീസ് വകുപ്പുകളുടെ നേതൃത്വത്തില്‍ പ്രത്യേക സ്‌ക്വാഡുകള്‍ രൂപീകരിച്ച് സംസ്ഥാനവ്യാപകമായി പരിശോധന ശക്തമാക്കും. സർക്കാരിൻ്റെ ഓണാഘോഷ പരിപാടികളുടെ ചെലവുകൾ പരമാവധി സ്‌പോണ്‍സര്‍ഷിപ്പിലൂടെ കണ്ടെത്താൻ മുഖ്യമന്തി ബന്ധപ്പെട്ട വകുപ്പുകളോട് ആവശ്യപ്പെട്ടു.
ഓണക്കാലത്ത് ജനങ്ങള്‍ക്ക് ആശ്വാസമാകുന്ന തരത്തിൽ സംസ്ഥാനതല, ജില്ലാതല, ട്രേഡ് ഫെയറുകളും വിലക്കുറവില്‍ അവശ്യസാധനങ്ങളുടെ വിപണനം നടത്തും. ഓണാഘോഷം ഗ്രീന്‍ പ്രോട്ടോക്കോള്‍ പാലിച്ച് സംഘടിപ്പിക്കാനും സമാപന ഘോഷയാത്രയില്‍ വിവിധ വകുപ്പുകള്‍ അവതരിപ്പിക്കുന്ന ഫ്‌ളോട്ടുകള്‍ ‘പുതുയുഗ കേരളം’ എന്ന വികസന കാഴ്ചപ്പാട് പ്രതിഫലിപ്പിക്കുന്നതാവണമെന്നും യോഗത്തില്‍ തീരുമാനമായി.
മന്ത്രിമാരായ പി സി വിഷ്ണുനാഥ്, അനൂപ് ജേക്കബ്, വിവിധ വകുപ്പ് സെക്രട്ടറിമാര്‍, സംസ്ഥാന പോലീസ് മേധാവി, മറ്റ് ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.







