വിപണന മേളകളുമായി ഓണത്തെ വരവേൽക്കാൻ തളിപ്പറമ്പ് 

ഓണത്തെ വരവേൽക്കാൻ തളിപ്പറമ്പ് മണ്ഡലത്തിലെ മുഴുവൻ തദ്ദേശ സ്ഥാപനങ്ങളിലും വിപണന മേളകൾ സംഘടിപ്പിക്കുന്നു. കുടുംബശ്രീ,  ഹോർട്ടികോർപ്പ്, സാംസ്‌കാരിക സ്ഥാപനങ്ങൾ എന്നിവയുടെ സഹകരണത്തോടെ ആഗസ്റ്റ് 21 മുതൽ 28 വരെയാണ് മേള നടക്കുക.
കുടുംബശ്രീ ഉൽപ്പന്നങ്ങളാണ് ഇവിടെ വിൽപ്പന നടത്തുക. വ്യത്യസ്തമായ ഭക്ഷ്യ വിഭവങ്ങൾ ഒരുക്കി ഫുഡ് കോർട്ട് ആകർഷകമാക്കും. ജൈവ പച്ചക്കറി സ്റ്റാളുകൾ, തദ്ദേശ സ്ഥാപനവും സംസ്ഥാന സർക്കാരും നടത്തുന്ന വികസന പ്രവർത്തനങ്ങളുടെ പ്രദർശനം, കുടുംബശ്രീ പദ്ധതികളെക്കുറിച്ചുള്ള പ്രദർശനം, പൊതുജന പങ്കാളിത്തത്തോടെയുള്ള കലാ-സാംസ്‌കാരിക പരിപാടികൾ എന്നിവ മേളയെ ആകർഷകമാക്കും. ഇതിന്റെ ഭാഗമായി കുടുംബശ്രീ തളിപ്പറമ്പിൽ ജില്ലാതല ട്രേഡ് ഫെയർ നടത്തും.
ജൂലൈ 15ന് ആന്തൂർ, 19ന് തളിപ്പറമ്പ്, 20ന് കുറ്റിയാട്ടൂർ, കുറുമാത്തൂർ, മയ്യിൽ, 21ന് ചപ്പാരപ്പടവ്, മലപ്പട്ടം, 22ന് പരിയാരം, കൊളച്ചേരി എന്നീ തദ്ദേശ സ്ഥാപനങ്ങളിൽ വൈകീട്ട് മൂന്ന് മണിക്ക് സംഘാടക സമിതി രൂപീകരണ യോഗം ചേരും. തദ്ദേശ സ്ഥാപന അധ്യക്ഷൻ ചെയർമാനും സി ഡി എസ് ചെയർപേഴ്‌സൺ കൺവീനറുമായാണ് സമിതി രൂപീകരിക്കുക. ധർമ്മശാല ഗവ. എഞ്ചിനീയറിങ്ങ് കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന ആലോചന യോഗത്തിൽ എം വി ഗോവിന്ദൻ മാസ്റ്റർ എം എൽ എ അധ്യക്ഷത വഹിച്ചു. തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി എം കൃഷ്ണൻ, കുടുംബശ്രീ ജില്ലാ മിഷൻ കോ ഓർഡിനേറ്റർ ഡോ. എം സുർജിത്ത് എന്നിവർ സംസാരിച്ചു.

Top News from last week.